മുംബൈ:നരേന്ദ്ര മോദിക്കെതിെര ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി വെറും മുഖംമൂടിയെന്നും രാഹുല്‍ പറഞ്ഞു. മോദി ഊതിവീര്‍പ്പിച്ച ഒരു അഭിനേതാവാണ്. അദ്ദേഹത്തിന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിക്കുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുന്നു, കടലില്‍ ചാടാനോ വിമാനത്തില്‍ പറക്കാനോ നിര്‍ദ്ദേശം കിട്ടുന്നു, അതനുസരിക്കുന്നു. അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ 56 ഇഞ്ച് വിരിവുള്ള നെഞ്ചകമില്ലെന്നും രാഹുല്‍ ആരോപിച്ചു (INDIA Bloc Rally In Mumbai).
മോദിക്ക് അദ്ദേഹത്തെ തന്നെ ഭയമാണ്. അദ്ദേഹം എന്നെയും ഭയക്കുന്നു. തന്നെ ആര്‍ക്കും അടിച്ചമര്‍ത്താനാകില്ല. താന്‍ എല്ലാം കാണുന്നുണ്ട്, എല്ലാം മനസിലാക്കുന്നുമുണ്ട്. വര്‍ഷങ്ങളായി ഇത് കണ്ട് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ ഇന്ത്യ സഖ്യ റാലിയില്‍ സംസാരിക്കുകായിരുന്നു രാഹുല്‍ (Narendra Modi Just A Mask).
ഇന്ത്യ സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്ത്വത്തിന്‍റെയും രാഷ്‌ട്രമാണ്. ഇവിടെ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യം ഒന്നായാണ് തന്‍റെ യാത്രയില്‍ അണി ചേര്‍ന്നതെന്നും രാഹുല്‍ അവകാശപ്പെട്ടു. ഒരു ശക്തിക്കെതിരായാണ് തങ്ങളുടെ പോരാട്ടം. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ മാറ്റിയാല്‍ മോദി വിജയിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. വിവിപാറ്റ് എണ്ണാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് അദ്ദേഹം തയാറാകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യ മൂന്നണിയുടെ പടുകൂറ്റന്‍ റാലി അരങ്ങേറിയത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണി ഭവനില്‍ നിന്ന് ഓഗസ്‌റ്റ്ക്രാന്തി മൈതാനം വരെ ന്യായ് സങ്കല്‍പ്പ് പദയാത്ര നടന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനം സൂചിപ്പിച്ച് കൊണ്ടുള്ള യാത്ര ആയിരുന്നു ഇത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍സിപി (എസ്‌പി) അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവരും റാലിയില്‍ സംബന്ധിച്ചു.