കേരളം

kerala

ETV Bharat / bharat

രാഹുലിന്‍റെ റാലി: കുടിവെള്ളം, പരാജയപ്പെട്ട വാഗ്‌ദാനങ്ങള്‍- വടക്ക് കിഴക്കന്‍ ഡല്‍ഹി നിവാസികളുടെ മനസിലെന്ത്? - RAHUL RALLY DELHI

2020ല്‍ വര്‍ഗീയ കലാപമുണ്ടാകുകയും അന്‍പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌ത പ്രദേശത്താണ് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ റാലിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചത്.

CONGRESS LEADER RAHUL GANDHI  RAHUL GANDHI SEELAMPUR RALLY  DELHI POLLS 2025  SEELAMPUR CONSTITUENCY
Leader of the Opposition in the Lok Sabha and Congress leader Rahul Gandhi during the 'Jai Bapu, Jai Bhim, Jai Samvidhan? public meeting, in New Delhi, Monday, Jan. 13, 2025 (PTI)

By ETV Bharat Kerala Team

Published : Jan 14, 2025, 12:47 PM IST

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. സീലാംപൂരില്‍ നിന്നാണ് രാഹുലിന്‍റെ പ്രചാരണത്തിന് തുടക്കമാകുന്നത്. റാലിക്കെത്തിയ പലരും സ്ഥലത്തെ ദുരവസ്ഥയില്‍ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. തകര്‍ന്ന ജലവിതരണ ശൃംഖലയും സമാധാനമില്ലായ്‌മയും മേഖലയിലെ ജനതയ്ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള നിരാശ ചെറുതല്ലെന്നാണ് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് രാഹുലിന്‍റെ തെരഞ്ഞെടുപ്പ് റാലി നടന്നത്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ കുറിച്ചുള്ള ഗൃഹാതുരമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ റാലി. 2020ല്‍ ഒരു വര്‍ഗീയ സംഘര്‍ഷം നടക്കുകയും അന്‍പത് പേര്‍ കൊല്ലപ്പെടുകയും ചെയ്‌ത സ്ഥലം കൂടിയാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിനിവാസികള്‍ക്ക് ശുദ്ധ ജലം വിതരണം ചെയ്യുന്നുണ്ടെന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ അവകാശവാദം. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വിപണിയില്‍ നിന്ന് പണം നല്‍കി വെള്ളം വാങ്ങേണ്ടി വരുന്നുവെന്നാണ് ബാബര്‍പൂര്‍ നിവാസി അമാന്‍ഖാന്‍ പറയുന്നത്. മോശം വെള്ളമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജഫ്രബാദിലെ ജാക്കറ്റ് വിപണിയില്‍ ജോലി ചെയ്യുന്ന ഹസ്രത് അലിയും മുഹമ്മദ് ഫൈസിയും പകുതി ദിവസം അവധി എടുത്താണ് രാഹുലിന്‍റെ റാലിയില്‍ പങ്കെടുക്കാനെത്തിയത്. സര്‍ക്കാര്‍ സൗജന്യമായി വൈദ്യുതി നല്‍കുന്നുണ്ട്. എന്നാല്‍ വിതരണം ചെയ്യുന്ന വെള്ളം വളരെ മോശമാണ്. ഇത് തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. എല്ലാ ദിവസവും വെള്ളം വാങ്ങേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഎപിക്ക് രണ്ട് തവണ തങ്ങള്‍ അവസരം നല്‍കി. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസിനെ വീണ്ടും പരീക്ഷിക്കാമെന്നാണ് കരുതുന്നതെന്നും ഫൈസി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അബ്‌ദുള്‍ റഹ്‌മാനെ എഎപി വഞ്ചിക്കുകയായിരുന്നു. മേഖലയിലെ വികസനത്തിന് ഇദ്ദേഹം വളരെ സജീവമായി ഇടപെട്ടിരുന്നു.

കോണ്‍ഗ്രസ് പതാകയുമേന്തി കോണ്‍ഗ്രസിന്‍റെ പതാകയുടെ വര്‍ണമുള്ള കുര്‍ത്തയും ധരിച്ചെത്തിയ ഒരാള്‍ മേഖലയില്‍ വിതരണം ചെയ്യുന്ന മോശം വെള്ളം നിറച്ച കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച മാലയും ധരിച്ചിരുന്നു. തങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനാകണമെന്നും എന്നാല്‍ ബിജെപിയോ എഎപിയോ അധികാരത്തില്‍ വന്നാല്‍ നഗരത്തില്‍ സമാധാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് റാലിയില്‍ പങ്കെടുക്കാനെത്തിയ ബഹുഭൂരിപക്ഷം സ്‌ത്രീകളും അഭിപ്രായപ്പെട്ടത്.

മണിപ്പൂരിലെ സ്‌ത്രീകള്‍ക്ക് സംഭവിച്ചത് നാം കണ്ടതാണ്. നമ്മുടെ രാജ്യത്ത് ഒരിടത്തും ഇത് സംഭവിക്കാന്‍ പാടില്ല. ഭയമില്ലാതെയും പൂര്‍ണ സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ സാധിക്കുന്ന ഒരു രാഷ്‌ട്രമാണ് നമുക്ക് ആവശ്യമെന്ന് സീലാംപൂര്‍ നിവാസിയായ ആഫിയ പറഞ്ഞു.

അധികാരത്തില്‍ വന്നാല്‍ സ്‌ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ വീതം നല്‍കുമെന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത മറ്റൊരു സ്‌ത്രീ സാദിയ ഇത് ദേശീയ തലസ്ഥാനത്തെ സ്‌ത്രീകളെ ശാക്തീകരിക്കാന്‍ സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

എഎപി മുന്നോട്ട് വച്ച വികസന വാഗ്‌ദാനം പാലിക്കുന്നതില്‍ അവര്‍ക്ക് വീഴ്‌ച സംഭവിച്ചു. കോണ്‍ഗ്രസ് നേരത്തെ ഇതെല്ലാം ചെയ്‌തിരുന്നതാണ്. ഷീല ദീക്ഷിതിനെ പോലൊരു നേതാവ് ഇപ്പോള്‍ അവര്‍ക്കില്ലെങ്കിലും കുറച്ച് കൂടി ഭേദമായി കാര്യങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസിനാകുമന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

ജയ്‌ ബാപു, ജയ്‌ ഭീം, ജയ് സംവിധാന്‍ എന്ന് പേരിട്ടിരുന്ന രാഹുല്‍ ഗാന്ധിയുടെ പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും ആഞ്ഞടിക്കാനുള്ള അവസരമായാണ് അദ്ദേഹം ഉപയോഗിച്ചത്. ഇരുനേതാക്കളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാക്കക്കാര്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായതൊന്നും നല്‍കണമെന്ന ആഗ്രഹവും അവര്‍ക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ മൂന്ന് പ്രാവശ്യം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിപദം അലങ്കരിച്ച ഷീല ദീക്ഷിത് ചെയ്‌തതിന് സമാനമായി ബിജെപിക്കോ കെജ്‌രിവാളിനോ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്ക്കാനായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നിരവധി നാട്ടുകാര്‍ തങ്ങളുടെ വീടിന് മുകളില്‍ നിന്ന് രാഹുലിന് നേരെ കോണ്‍ഗ്രസ് പതാക വീശി റാലിയെ എതിരേറ്റു.

Also Read:'മോദിക്ക് 75 വയസ് തികയുമ്പോള്‍ രൂപയ്‌ക്കെതിരെ ഡോളര്‍ 86 കടന്നു'; പരിഹസിച്ച് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details