ന്യൂഡൽഹി:ജൂലൈ 1 ന് ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ ബിജെപി രൂക്ഷമായി വിമർശിച്ചു. പരമശിവന്‍റെ ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധി പ്രതിപക്ഷം ആരേയും ഭയക്കുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും പറഞ്ഞിരുന്നു. 'ശിവന്‍റെ ചിത്രത്തിലേക്ക് നോക്കിയാൽ നിങ്ങൾക്കറിയാം, ഹിന്ദുക്കൾക്ക് ഭയമോ വിദ്വേഷമോ പ്രചരിപ്പിക്കാൻ ആവില്ലെന്നത്. എന്നാൽ ബിജെപി മുഴുവൻ സമയവും വിദ്വേഷം പ്രചരിപ്പിക്കുകയാണ്', എന്നും ചിത്രം ഉയർത്തി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപിയെ അസ്വസ്ഥരാക്കിയെന്നും 'ഹിന്ദു വിശ്വാസത്തിന്‍റെ രക്ഷകർ' ആയി സ്വയം കരുതുന്നവർ അതിനാലാണ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗവുമായി താരതമ്യം ചെയ്‌തു.
രാഹുൽ ഗാന്ധി ശിവന്‍റെ ചിത്രം ഉയർത്തി കാണിച്ചപ്പോൾ മറുവശത്തുള്ളവർ പരിഭ്രാന്തരായി. ഹിന്ദു വിശ്വാസം, അഹിംസ, സത്യസന്ധത എന്നതാണ് അതിലൂടെ അദ്ദേഹം ഉദ്ദേശിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി. മതത്തിന്‍റെ പേരിൽ ബിജെപി വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.