ലഖനൗ: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സംഭാലില്‍ ഇന്ന് സന്ദർശനം നടത്തും. ജില്ലയിലേക്ക് എത്തുന്നതിനുമുമ്പ് സംഘത്തെ തടയാൻ സജ്ജമായിരിക്കുകയാണ് പൊലീസും ഭരണകൂടവും. പുറത്തുനിന്നുള്ളവരുടെ പ്രവേശനം ഉൾപ്പെടെയുള്ള നിരോധനങ്ങള്‍ നിലവില്‍ സാംഭാലിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭാലിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ ഞായറാഴ്‌ചയാണ് ഭരണകൂടം നീട്ടിയത്. രാഹുല്‍ ഗാന്ധിയുടെ തങ്ങളുടെ ജില്ല അതിര്‍ത്തിയല്‍ തടയണമെന്നാവശ്യപ്പെട്ട് ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ് പൊലീസ് കമ്മീഷണർമാർക്കും അംരോഹ, ബുലന്ദ്ഷഹർ ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാർക്കും സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ ചൊവ്വാഴ്ച കത്തെഴുതിയിരുന്നു.
വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. കോൺഗ്രസ് പ്രതിനിധികൾ വന്നാൽ ബിഎൻഎസ്എസിന്‍റെ 163-ാം വകുപ്പ് സംഭാലിൽ പ്രാബല്യത്തിലുള്ളതിനാല്‍ നോട്ടീസ് നൽകുമെന്നും പുറത്തുനിന്നുള്ളവരെ അനുവദിക്കില്ലെന്നും സംഭാൽ പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ ചൊവ്വാഴ്‌ച പിടിഐയോട് പറഞ്ഞിരുന്നു.
ALSO READ:ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ ശക്തി; 21,000 കോടിയോളം രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി
ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് അഞ്ച് കോൺഗ്രസ് എംപിമാരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എംപി പ്രിയങ്ക ഗാന്ധി വധേരയും പ്രതിനിധി സംഘത്തിന്‍റെ ഭാഗമാവും. രാവിലെ 10 മണിക്ക് ഡൽഹിയിൽ നിന്ന് സംഭാലിലേക്ക് രാഹുല്‍ പുറപ്പെടുമെന്നാണ് വിവരം. നവംബർ 24-ന് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങളെ കണ്ടതിന് ശേഷം റോഡ് മാർഗം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടയുകയാണെങ്കില്‍ കുറഞ്ഞത് നാല് പേരെയെങ്കിലും അനുവദിക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധിക്കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു. രാഹുല്‍, പ്രിയങ്ക, യുപി ഇൻചാർജ് അവിനാഷ് പാണ്ഡേ എന്നിവര്‍ക്കൊപ്പം തന്നെയും സംഭാല്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നാണ് ആവശ്യപ്പെടുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം കഴിഞ്ഞയാഴ്ച നിരവധി സമാജ്‌വാദി പാർട്ടി (എസ്‌പി) എംപിമാരെ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.