ന്യൂഡൽഹി: വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിലുള്‍പ്പെടുത്തിയതായി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ണായക തീരുമാനമാണിത്. 2219 കോടി രൂപയുടെ പാക്കേജ് മന്ത്രാലയ സമിതി പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (Disaster of a severe nature) അഥവാ സിവിയര്‍ നേച്ചര്‍ കാറ്റഗറി എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്.
വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ പെടുത്തണം എന്നതായിരുന്നായിരുന്നു കേരളം മുന്നോട്ടുവെച്ച ആവശ്യം. 2219 കോടി രൂപയാണ് കേരളം ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടത്. നാളെ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലിൻ്റെ ചര്‍ച്ചാ വേളയില്‍ ഇക്കാര്യം വിശദമായി സംസാരിക്കും. ഇതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ കൃത്യമായൊരു നിലപാട് നാളെ കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നും അറിയാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
വയനാട് പുനരധിവാസം:
കേരളത്തിൻ്റ ദുരിദാശ്വാസ നിധിയിലെ ഫണ്ട് കൂടി ഉപയോഗിച്ചാകും പുനരധിവാസം നടപ്പിലാക്കുക. ഏകദേശം 700 കോടിയുടെ നീക്കിയിരിപ്പ് കേരളത്തിൻ്റെ പക്കല്‍ ഉണ്ടെന്നാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍. എന്നാല്‍ 700 കോടിയും വയനാടിനായി മാത്രം ഉപയോഗിക്കാൻ കഴിയില്ലെന്നുള്ള കേരളത്തിൻ്റെ നിലപാടിലും നാളെ വ്യക്തത വരും.
മന്ത്രിതല അന്വേഷണത്തിന് ശേഷമായിരിക്കും കേന്ദ്രം എത്ര രൂപ നല്‍കും എന്നതില്‍ അന്തിമ തീതുമാനം ഉണ്ടാകുകയുള്ളൂ. സ്‌പെഷ്യല്‍ പാക്കേജ് എന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം പൂര്‍ണമായും തള്ളിയിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
അതേസമയം ടൗണ്‍ ഷിപ്പ് പൂര്‍ത്തിയാക്കുന്നിനായി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളം നിര്‍ണായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. അതിനാല്‍ തന്നെ എല്ലാ വിവരവും ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേന്ദ്ര സഹായം വൈകുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലവിലെ കേന്ദ്രത്തിൻ്റെ തീരുമാനം കേരളത്തിന് വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍. വയനാട് ദുരിതത്തിൻ്റെ ഇരകള്‍ക്കായുള്ള ടൗണ്‍ ഷിപ്പ് പൂര്‍ത്തിയാക്കുന്നിലും ഉടൻ തീരുമാനമുണ്ടാകും. ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നതോടെ ദുരിതബാധിതരുടെ പുനരധിവാസം നടപ്പിലാക്കാൻ കഴിയും. മാർഗ നിർദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം ഉണ്ടാവുക.
വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക:
വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് കേന്ദ്രത്തിൻ്റെ തീരുമാനം. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്.
വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നൽകിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയതായി പ്രിയങ്കാ ഗാന്ധി അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ കേരളത്തിൻ്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നു.