തിരുവനന്തപുരം: ഡിസംബറില്‍ സംസ്ഥാനത്തെ ചൂട് കുറയാന്‍ മഴ കുറയണമെന്ന് ഇന്ത്യന്‍ മെട്രോളജിക്കൽ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ (ഐഎംഡി) കേരളത്തിലെ ഡയറക്‌ടര്‍ നിത ഇടിവി ഭാരതിനോട് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ മഴ കൂടുമെന്നാണ് ഐഎംഡിയുടെ ഫെബ്രുവരി വരെയുള്ള ശൈത്യകാല കാലാവസ്ഥ പ്രവചനം. എന്നാല്‍ ചില കാലാവസ്ഥ സാഹചര്യങ്ങള്‍ തണുപ്പിന് അനുകൂലമായേക്കാവുന്നതിനാല്‍ ഡിസംബര്‍ മുഴുവന്‍ ഇതേ അന്തരീക്ഷ താപനില തുടരുമെന്ന് തറപ്പിച്ചു പറയാനാകില്ലെന്നും നിത വ്യക്തമാക്കി.
2018 വരെയുള്ള വിവരങ്ങളനുസരിച്ചു കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ കാലത്തെയും കാലാവസ്ഥ ഉയര്‍ന്നു വരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതു താത്കാലികമായ മാറ്റമാണോയെന്ന് പരിശോധിക്കണം. ആഗോളതാപനത്തിന്‍റെ ഭാഗമായി കേരളത്തിലും ചൂട് കൂടുന്നതിന്‍റെ സൂചനയാകാമെന്നും നിത ചൂണ്ടിക്കാട്ടി.
'മൂന്നാറിലും ഇടുക്കിയിലും താപനില കഴിഞ്ഞ വര്‍ഷം കുറവായിരുന്നുവെന്ന് പറയുന്നു. ഇത്തവണ അധികം തണുപ്പ് അവിടെയില്ല. ഇപ്പോള്‍ കേരളത്തില്‍ ധാരാളം മഴ പെയ്യുന്ന സമയമാണ്. ഇത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന് കാരണമാകുന്നു. ചൂട് പിടിച്ചു നിര്‍ത്താന്‍ ഈര്‍പ്പത്തിനാകും. അതിന്‍റെ ഫലമാണ് താരതമ്യേനയുള്ള ഉയര്‍ന്ന താപനില. മഴ മാറിയാല്‍ തണുപ്പ് എത്തിയേക്കും,' നിത പറഞ്ഞു.
കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ആകമാനം ചൂട് കൂടുമെന്ന് ഐ എം ഡിയുടെ ഔദ്യോഗിക ബുള്ളറ്റിനില്‍ പറയുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്ന വടക്കന്‍ കാറ്റ് തെക്കോട്ട് എത്തുമ്പോഴും തണുപ്പ് അനുഭവപ്പെടാനാകും. എന്നാല്‍ ഡിസംബര്‍ മുഴുകന്‍ ചൂടാകണമെന്നില്ലെന്നും നിത ചൂണ്ടിക്കാട്ടി.
അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറവാണെങ്കില്‍ ചൂട് പുറന്തള്ളപ്പെടുകയും സ്വാഭാവികമായി താപനില കുറയുകയും ചെയ്യും. വരണ്ട കാലാവസ്ഥയില്‍ തണുപ്പ് അനുഭവപ്പെടാനാകും. വടക്കേന്ത്യയില്‍ ശീത തരംഗം ചില സാഹചര്യങ്ങളില്‍ തെക്കന്‍ ഭാഗത്തേക്ക് വീശും. ഈ രണ്ടു സാഹചര്യങ്ങളും തണുപ്പിന് അനുകൂലമാണ്. ഇപ്പോള്‍ വടക്കേന്ത്യയില്‍ മൂടല്‍മഞ്ഞിന്‍റെ സമയമാണ്. ഡിസംബറില്‍ മുഴുവന്‍ താപനില ഇങ്ങനെ തുടരണമെന്നില്ലെന്നും നീത വിശദീകരിച്ചു.
നിലവില്‍ കേരളത്തിലെ വയനാട് പത്തനംതിട്ട ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും കാലാവസ്ഥ സ്റ്റേഷനുകളിലുണ്ട്. ഇവിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തിരുവനന്തപുരം വാട്ടര്‍ അതോറിറ്റി ക്യാമ്പസിലെ ഐ എം ഡിയുടെ ആസ്ഥാനത്ത് ക്രോഡീകരിക്കുന്നുണ്ടെന്നും നിത പറഞ്ഞു.
കേരളത്തിലെ ഇന്നത്തെ അന്തരീക്ഷ താപനില
- തിരുവനന്തപുരം നഗരം- ഉയര്‍ന്ന താപനില 33.2 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ്
- തിരുവനന്തപുരം വിമാനത്താവളം- ഉയര്‍ന്ന താപനില 32.8 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 25.7 ഡിഗ്രി സെല്‍ഷ്യസ്
- കൊല്ലം, പുനലൂര്‍ - ഉയര്‍ന്ന താപനില 32.5 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 24.2 ഡിഗ്രി സെല്‍ഷ്യസ്
- കോട്ടയം - ഉയര്‍ന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ്
- കൊച്ചി വിമാനത്താവളം - ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 25.2 ഡിഗ്രി സെല്‍ഷ്യസ്
- തൃശൂര്‍, വെള്ളാനിക്കര - ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 23.2 ഡിഗ്രി സെല്‍ഷ്യസ്
- പാലക്കാട് - ഉയര്‍ന്ന താപനില 32.1 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 24.8 ഡിഗ്രി സെല്‍ഷ്യസ്
- കരിപ്പൂര്‍ വിമാനത്താവളം - ഉയര്‍ന്ന താപനില 27.6 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസ്
- കോഴിക്കോട് - ഉയര്‍ന്ന താപനില 30.1 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 24.9 ഡിഗ്രി സെല്‍ഷ്യസ്
- കണ്ണൂര്‍ - ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസ്, കുറഞ്ഞ താപനില 24.2 ഡിഗ്രി സെല്‍ഷ്യസ്
Read More: കെ റെയിൽ വരുമോ എന്ന് നാളെ അറിയാം; കൊച്ചിയിൽ നിർണായക ചർച്ച