ന്യൂഡൽഹി: വയനാട് മണ്ഡലത്തിൽ നിന്ന് റായ്ബറേലിയിലേക്ക് തട്ടകം മാറ്റാൻ രാഹുൽ ഗാന്ധി. വയനാട് ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിർത്താനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിൽ തീരുമാനമായത്. വയനാട്ടിൽ പകരം പ്രിയങ്ക ഗാന്ധി വാദ്രയെ മത്സരിപ്പിക്കാനും തീരുമാനമായി.
"രാഹുൽ ഗാന്ധി രണ്ട് ലോക്‌സഭാ സീറ്റുകളിൽ നിന്ന് വിജയിച്ചു, എന്നാൽ നിയമപ്രകാരം അദ്ദേഹം ഒരെണ്ണം ഒഴിയണം. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും, പ്രിയങ്ക ജി വയനാട്ടിൽ മത്സരിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു," മല്ലികാർജുൻ ഖർഗെ പറഞ്ഞു.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റായ്ബറേലിയിലും വയനാട്ടിലും രണ്ട് എംപിമാരെ ലഭിക്കുമെന്ന് തീരുമാനത്തിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. 'റായ്ബറേലിയുമായും വയനാടുമായും എനിക്ക് വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ വയനാട് എംപിയായിരുന്നു, വയനാട്ടുകാർ എനിക്ക് സ്നേഹം നൽകി, അതിന് ഞാൻ അവർക്ക് നന്ദി പറയുന്നു. പ്രിയങ്ക വയനാട്ടിൽ മത്സരിക്കും, പക്ഷേ ഞാൻ വയനാട് സന്ദർശിക്കും, വയനാടിന് ഞങ്ങൾ നൽകിയ വാഗ്ദാനങ്ങളും ഞങ്ങൾ നിറവേറ്റും.' രാഹുല്‍ പറഞ്ഞു.
റായ്ബറേലിയുമായി തനിക്ക് ദീർഘമായ ബന്ധമുണ്ട്, അതിനെ പ്രതിനിധീകരിക്കുന്നതിൽ വളരെ സന്തോഷവാനാണ്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, കാരണം വയനാടിനും റായ്ബറേലിക്കും വാത്സല്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
2019-ല്‍ വയനാട്ടില്‍ അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയത്. അമേഠിയില്‍ അപകടം മണത്ത കോണ്‍ഗ്രസ് രാഹുലിന് ദക്ഷിണേന്ത്യയില്‍ സുരക്ഷിത മണ്ഡലം തെരഞ്ഞു. ആ തെരച്ചില്‍ എത്തി നിന്നത് വയനാട്ടിലായിരുന്നു.ഇക്കുറി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചുകയറിയത്.
എൽഡിഎഫ് സ്ഥാനാർഥി ആനി രാജയേയും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനേയും പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും മണ്ഡലത്തിൽ രാഹുൽ ഗാന്ധി എംപി സ്ഥാനം നിലനിർത്തിയത്. രാഹുൽ ഗാന്ധിയുടെ എതിരാളിയായി മത്സരിച്ച ആനി രാജയ്‌ക്ക് 2,80,331 വോട്ടുകളാണ് ലഭിച്ചത്. അതേസമയം 1,39,677 വോട്ടുമായി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.