ന്യൂഡൽഹി: 'ശക്തി' എന്ന തന്‍റെ പരാമർശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വളച്ചൊടിക്കുകയാണ് ചെയ്‌തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ പറഞ്ഞത് രാജ്യത്തെ അടിച്ചമർത്തുന്ന ശക്‌തിയെന്നാണ്. പണപ്പെരുപ്പം നിയന്ത്രിക്കാതെ രാജ്യത്തെ പാവപെട്ട ജനങ്ങൾക്ക് ജിഎസ്‌ടി ചുമത്തുന്ന ശക്തിയെ കുറിച്ചാണ് തന്‍റെ പരാമർശം. താൻ പറഞ്ഞത് ശരിയാണെന്ന് പ്രധാനമന്ത്രിയ്ക്ക് ബോധ്യമുണ്ടെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ഇന്നലെ മുംബൈയിൽ വച്ച് നടന്ന ഇന്ത്യ ബ്ലോക്ക് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ ശക്തിയെന്ന പരാമർശത്തിനെതിരെ നരേന്ദ്ര മോദി ഇന്ന് രംഗത്തെത്തിയിരുന്നു. ശക്തിക്കെതിരെ എന്നാൽ രാജ്യത്തെ സ്ത്രീകൾക്ക് എതിരെയാണെന്ന് പറഞ്ഞായിരുന്നു രാഹുലിനെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചത്. ശക്തിയെ നശിപ്പിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചത്. താൻ ശക്തിയെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഓരോ സ്ത്രീയും ശക്തിയാണ്. അവരെ എതിർക്കുകയാണ് ഇന്ത്യ സഖ്യത്തിന്‍റെ ലക്ഷ്യമെങ്കിൽ അതിനെതിരെ പോരാടാൻ താനുണ്ടാകുമെന്നുമായിരുന്നു പ്രധാനമന്ത്രി നടത്തിയ പ്രതികരണം.
അതേസമയം താൻ പറഞ്ഞത് നരേന്ദ്ര മോദിയ്ക്ക് ഇഷ്‌ടപെടാത്തതിനെ തുടർന്നാണ് തന്‍റെ വാക്കുകൾ പരമാവധി വളച്ചൊടിക്കാൻ അദ്ദേഹം ശ്രമിച്ചതെന്നും രാഹുൽ എക്‌സിൽ കുറിച്ചു. തന്‍റെ വാക്കുകൾ മോദിയ്ക്ക് ഇഷ്ട്ടമല്ല. എപ്പോഴും താൻ പറയുന്നതിനെ ഏതുവിധേനയും വളച്ചൊടിച്ച് അതിന്‍റെ അർത്ഥം മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ആഴത്തിലുള്ള സത്യമാണ് താൻ പറയുന്നതെന്ന് പ്രധാനമന്ത്രിയ്ക്ക് അറിയാമെന്നും രാഹുൽ വ്യക്തമാക്കി.