കേരളം

kerala

ETV Bharat / bharat

'എൻഡിഎ സര്‍ക്കാരിന്‍റെ ആദ്യ 15 ദിനം...'; രാജ്യം ചര്‍ച്ചയാക്കിയ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി - Rahul Gandhi posts NDA rule issues - RAHUL GANDHI POSTS NDA RULE ISSUES

നീറ്റ് ക്രമക്കേടുകൾ, യുജിസി നെറ്റ് പേപ്പർ ചോർച്ച, ട്രെയിൻ അപകടം, ജലപ്രതിസന്ധി തുടങ്ങി എൻഡിഎ ഭരണത്തിന്‍റെ ആദ്യ നാളുകളിലെ പത്തോളം പ്രശ്‌നങ്ങൾ തുറന്നുകാട്ടി രാഹുൽ ഗാന്ധി.

RAHUL GANDHI AGAINST NDA GOV  RAHUL GANDHI AGAINST PM MODI  എൻഡിഎ ഭരണത്തിലെ 10 പ്രശ്‌നങ്ങൾ  രാഹുൽ ഗാന്ധി
Rahul Gandhi (ETV Bharat)

By ETV Bharat Kerala Team

Published : Jun 24, 2024, 4:40 PM IST

ന്യൂഡൽഹി:മൂന്നാം എൻഡിഎ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ 15 ദിവസത്തിനുള്ളില്‍ രാജ്യത്തുണ്ടായ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീറ്റ് ക്രമക്കേടുകൾ, യുജിസി നെറ്റ് പേപ്പർ ചോർച്ച, ട്രെയിൻ അപകടം, ജലപ്രതിസന്ധി തുടങ്ങി പത്തോളം പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എക്‌സിലൂടെ രാഹുൽ ഗാന്ധിയുടെ കേന്ദ്ര സര്‍ക്കാര്‍ വിമർശനം. തൻ്റെ സർക്കാരിനെ രക്ഷിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'എൻഡിഎയുടെ ആദ്യ 15 ദിവസം' എന്ന് കുറിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പോസ്റ്റ് ആരംഭിക്കുന്നത്. '1. ഭയാനകമായ ട്രെയിൻ അപകടം, 2. കശ്‌മീരിലെ ഭീകരാക്രമണങ്ങൾ, 3. ട്രെയിനുകളിലെ യാത്രക്കാരുടെ ദുരവസ്ഥ, 4. നീറ്റ് അഴിമതി, 5. നീറ്റ് പിജി റദ്ദാക്കൽ, 6. യുജിസി നെറ്റ് പേപ്പർ ചോർച്ച, 7. പാൽ, പയറുവർഗങ്ങൾ, ഗ്യാസ്, ടോൾ എന്നിവയുടെ ചെലവേറി, 8. തീ ആളിക്കത്തുന്ന വനങ്ങൾ, 9. ജല പ്രതിസന്ധി, 10. ഉഷ്‌ണതരംഗത്തിൽ ക്രമീകരണങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങൾ'- തുടങ്ങിയ പത്ത് വിഷയങ്ങളെയാണ് രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ പരാമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ജനങ്ങൾക്കായി ശബ്‌ദം ഉയർത്തുന്നത് തുടരും. ഉത്തരവാദിത്തമില്ലാതെ പ്രധാനമന്ത്രിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭരണഘടനയ്‌ക്കെതിരായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും നടത്തുന്ന ആക്രമണങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കാനാകുന്നതല്ല. ഒരു സാഹചര്യത്തിലും ഇത് സംഭവിക്കാൻ ഞങ്ങള്‍ അനുവദിക്കില്ല. പ്രതിപക്ഷം സമ്മര്‍ദം തുടരുക തന്നെ ചെയ്യും'- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭരണഘടനയെ ആക്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇത്തരം ആക്രമണങ്ങൾ പ്രതിപക്ഷ ഇന്ത്യ സംഘം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ ഭരണഘടനയുടെ പകർപ്പുകൾ കയ്യിൽ പിടിച്ച് ഇതിനെതിരെ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. "ഭരണഘടനയ്‌ക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം ഞങ്ങൾക്ക് സ്വീകാര്യമല്ലെന്നും ഇത് തങ്ങൾ അനുവദിക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു പ്രതിഷേധം.

ഇതിനിടെ, പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, 1975-ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമെന്നായിരുന്നു മോദി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്.

'നാളെ ജൂൺ 25. ഇന്ത്യയുടെ ജനാധിപത്യത്തിന്മേൽ വീണ കളങ്കത്തിന് 50 വർഷം തികയുന്നു. ഇന്ത്യൻ ഭരണഘടനയെ പൂർണമായും നിരാകരിച്ചതും ഭരണഘടനയുടെ ഓരോ ഭാഗവും കീറിമുറിച്ചതും രാജ്യത്തെ ജയിലാക്കി മാറ്റിയതും ജനാധിപത്യം പൂർണമായും അടിച്ചമർത്തപ്പെട്ടതും ഇന്ത്യയുടെ പുതുതലമുറ ഒരിക്കലും മറക്കില്ല' പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ നിർദേശങ്ങൾക്കനുസൃതമായി സാധാരണക്കാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രമേയം തങ്ങൾ എടുക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ALSO READ:ഉത്തര ധ്രുവത്തിലെ ഗവേഷണ സംഘത്തില്‍ മലയാളിയും; ഒപ്പമുള്ളത് ഏറ്റവും വലിയ സമുദ്ര പര്യവേക്ഷണ കപ്പൽ

ABOUT THE AUTHOR

...view details