ന്യൂഡൽഹി: ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിലെ ആരോപണങ്ങൾ വളരെ ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണമായി ഇല്ലാതായെന്നും എന്തുകൊണ്ട് സെബി ചെയർപേഴ്‌സൺ രാജിവയ്ക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു. നിക്ഷേപകർക്ക് കനത്ത നഷ്‌ടമുണ്ടായാൽ അതിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സെബി മേധാവിയോ ഗൗതം അദാനിയോ ഏറ്റുടുക്കുമോയെന്നും കോൺഗ്രസ് എംപി ചോദിച്ചു.
വിഷയം സുപ്രീം കോടതി സ്വമേധയാ പരിഗണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി മോദി എന്തിനാണ് ജെപിസി അന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നത്. അത് വെളിപ്പെടുത്തുന്നത് എന്താണെന്ന് ഇപ്പോൾ വ്യക്തമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഗൗതം അദാനിയുടെ പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച നിഴൽ കമ്പനികളിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബച്ചിനും ഭർത്താവ് ധവൽ ബുച്ചിനും ഓഹരിയുണ്ടെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്‍റെ പുതിയ കണ്ടെത്തൽ. അദാനിയ്ക്കെതിരെയുള്ള അന്വേഷണം മന്ദഗതിയിലാക്കാൻ സെബിയുടെ സഹായം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സെബി ചെയർപേഴ്‌സൺ മാധബിയ്ക്കും അദാനിയ്ക്കുമെതിരെ ജെപിസി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിച്ച് ശക്തമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. അതിനിടെ വിദേശ ശക്തികളോടൊപ്പം ചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപിയും വിമർശിച്ചു.
Also Read: 'രാജ്യത്തിന്‍റെ വളർച്ച മന്ദഗതിയിലാക്കാൻ ശ്രമം'; ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ കോൺഗ്രസിനെ പഴിച്ച് ബിജെപി