ഉത്തർപ്രദേശ് : അപകീര്‍ത്തി കേസില്‍ സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഹാജരായതിന് ശേഷം ലഖ്‌നൗവിലേക്ക് മടങ്ങുകയായിരുന്നു കോണ്‍ഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. വാഹനം ഒരു ചെരുപ്പ് കടയ്‌ക്ക് മുന്നിലെത്തിയതോടെ ഡ്രൈവര്‍ക്ക് എംപിയുടെ നിര്‍ദേശം, 'ആ കടയ്‌ക്ക് മുന്നില്‍ വാഹനം ഒന്ന് നിര്‍ത്തണം'.
കാര്‍ നിര്‍ത്തിയതോടെ രാഹുല്‍ ഗാന്ധി ഇറങ്ങി നേരെ കടയിലേക്ക് കയറി. കടയുടമ രാം ചേതിനോട് മുന്നേ പരിചയം ഉള്ള ആളെ പോലെ വിശേഷങ്ങള്‍ തെരക്കി. രാം ചേതാകട്ടെ മുന്നില്‍ നില്‍ക്കുന്ന രാഷ്‌ട്രീയ നേതാവിനെ കണ്ട് അമ്പരന്നു. പിന്നാലെ രാം ചേതും രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു തുടങ്ങി.
കടയുടെ തറയില്‍ രാം ചേതിനൊപ്പം ഇരുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് പക്ഷേ അറിയേണ്ടിയിരുന്നത്, രാം ചേത് എങ്ങനെയാണ് ഇത്ര മനോഹരമായ ചെരുപ്പുകള്‍ നിര്‍മിക്കുന്നത് എന്നായിരുന്നു. അദ്ദേഹത്തിന്‍റെ ആകാംക്ഷ കണ്ട രാം ചേത്, അത് വിശദീകരിക്കുകയും ചെയ്‌തു. പിന്നാലെ തനിക്കും ഒരു ചെരുപ്പ് തുന്നണമെന്നായി രാഹുല്‍ ഗാന്ധി. ആദ്യം തെല്ലൊന്ന് മടിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു രാം ചേതിന്. രാം ചേതിന്‍റെ കടയില്‍ തറയില്‍ ഇരുന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് ചെരുപ്പ് തുന്നി തുടങ്ങി.
ഇടയ്‌ക്ക് തൊഴിലിലെ ബുദ്ധിമുട്ടും ജീവിത സാഹചര്യങ്ങളും രാഹുല്‍ ഗാന്ധി രാം ചേതിനോട് ചോദിച്ചറിഞ്ഞു. ചെരുപ്പുകടയിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ സമീപവാസികളും എത്തിയിരുന്നു. ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി കോണ്‍ഗ്രസ് തങ്ങളുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.
'വിദഗ്‌ധരും കഠിനാധ്വാനികളുമായ ചെരുപ്പ് നിര്‍മാണ തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ഇത്തരത്തിലുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ അഭിവൃദ്ധിക്കായി ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അവര്‍ക്ക് നേരെയുള്ള എല്ലാ അനീതികള്‍ക്കും എതിരെ പൊരുതി അവര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' -രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് കോണ്‍ഗ്രസ് കുറിച്ചു.
'ഞാൻ കഴിഞ്ഞ 40 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. രാഹുൽ ഗാന്ധി ഞങ്ങളുടെ തൊഴിലിനെ കുറിച്ച് ചോദിച്ച് അറിഞ്ഞു. അദ്ദേഹം എന്‍റെ കടയലിരുന്ന് ചെരുപ്പ് തുന്നി. ഷൂ ഒട്ടിച്ചു. ഞങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും ഞങ്ങളെ സഹായിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്' -രാം ചേത് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.
രാം ചേതിന്‍റെ മകൻ രഘുറാമും രാഹുൽ ഗാന്ധിയോട് സംസാരിച്ചിരുന്നു. 'രാഹുൽ ഗാന്ധിയെ കണ്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹം ഞങ്ങളോട് ബഹുമാനത്തോടെയും മാന്യതയോടെയും പെരുമാറി. എന്തുകൊണ്ടാണ് ഞാൻ ഈ തൊഴിൽ ചെയ്യാത്തത് എന്ന് അദ്ദേഹം ചോദിച്ചു. ഞാനും നേരത്തെ ചെരുപ്പ് തുന്നുന്ന ജോലി ചെയ്‌തിരുന്നു, പക്ഷേ അന്ന് സമൂഹം എന്നെ ബഹുമാനിച്ചില്ല, അകറ്റി നിര്‍ത്തുകയാണ് ചെയ്‌തത്. അതോടെ ഈ ജോലി വിടുകയായിരുന്നു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു' -രഘുറാം പറഞ്ഞു.
'സമൂഹം ബഹുമാനിച്ചില്ല എന്ന കാരണം കൊണ്ട് എന്തിനാണ് കുലത്തൊഴിൽ ഉപേക്ഷിച്ചതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മാത്രമല്ല, ജോലിയിൽ ചെറുത് വലുത് എന്നൊന്നില്ല, ജോലി ഏതായാലും അവർ ബഹുമാനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു' -രഘുറാം കൂട്ടിച്ചേര്‍ത്തു.
സുൽത്താൻപൂരിലെ ലോക്കോ പൈലറ്റുമാരുമായും വെള്ളിയാഴ്‌ച (ജൂലൈ 26) രാഹുൽ ഗാന്ധി സംവദിച്ചിരുന്നു. രാഹുൽ ഗാന്ധി ലോക്കോ പൈലറ്റുമാരുമായി സംസാരിച്ചതിന് ശേഷം മോദി സർക്കാർ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടങ്ങിയെന്ന് എക്‌സിലൂടെ കോൺഗ്രസ് വ്യക്തമാക്കി.
'പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുൽത്താൻപൂരിലെ ലോക്കോ പൈലറ്റുമാരെ കണ്ടു. അടുത്തിടെ, രാഹുൽ ഗാന്ധി അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുകയും അവരുടെ വെല്ലുവിളി നിറഞ്ഞ തൊഴിൽ സാഹചര്യങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്‌തിരുന്നു. ഇതിനെത്തുടർന്ന് ലോക്കോ പൈലറ്റുമാരുടെ പ്രശ്‌നങ്ങൾ മോദി സർക്കാരിന്‍റെയും ശ്രദ്ധിയിൽപ്പെട്ടു. റെയിൽവേയുടെ നട്ടെല്ലാണ് ലോക്കോ പൈലറ്റുമാർ. അവർക്ക് ആവശ്യമായ സൗകര്യങ്ങളും മാനുഷികമായ തൊഴിൽ സാഹചര്യങ്ങളും ഒരുക്കുക എന്നത് റെയിൽവേ സുരക്ഷയ്ക്ക് നിർണായകമാണ്. ഞങ്ങൾ അവർക്ക് നീതി ഉറപ്പാക്കും' -കോൺഗ്രസ് എക്‌സിൽ കുറിച്ചു.
Also Read:അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി ; വാദം കേള്‍ക്കല്‍ അടുത്ത മാസത്തേക്ക് മാറ്റി