ശ്രീനഗർ : ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധി ഇന്ന് (സെപ്റ്റംബർ 4) തുടക്കം കുറിക്കും. അനന്ത്നാഗ്, റംബാൻ ജില്ലകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌താണ് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുക. കോൺഗ്രസ് ജനറൽ സെക്രട്ടറി ഭരത്‌സിങ് സോളങ്കി, ജമ്മു കശ്‌മീരിൻ്റെ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറ എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം റാലിയെ അഭിസംബോധന ചെയ്യും.
രാവിലെ ജമ്മു വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി റംബാനിലെ സംഗൽദാനിലേക്കാണ് ആദ്യം എത്തിയത്. ജമ്മു ഡിവിഷനിലെ റംബാൻ ജില്ലയിലെ ബനിഹാൽ അസംബ്ലി സീറ്റിൻ്റെ ഭാഗമാണ് സംഗൽദാൻ. ജമ്മു കശ്‌മീരിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ വാനിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. സംഗൽദാനിൽ റാലിക്ക് ശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരു നിയമസഭ മണ്ഡലത്തിലേക്ക് നീങ്ങുന്ന രാഹുൽ ഗാന്ധി പാർട്ടി സ്ഥാനാർഥി ഗുലാം അഹമ്മദ് മിറിന് വേണ്ടി പ്രചരണം നടത്തും. വാനിക്കും മിറിനും പുറമെ മുതിർന്ന കോൺഗ്രസ് നേതാവ് പീർസാദ മുഹമ്മദ് സയീദും ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും ജമ്മു കശ്‌മീരിലെ പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുമെന്ന് പാർട്ടി അധികൃതർ അറിയിച്ചു. ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിനായി '40 സ്‌റ്റാർ' ക്യാമ്പയിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് ശേഷം ജമ്മു കശ്‌മീർ അഭിമുഖീകരിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് കൂടിയാണിത്. ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവും മറ്റു സംസ്ഥാന തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.
കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യം :ജമ്മു കശ്‌മീരിലെ ആകെ 90 നിയമസഭ സീറ്റുകളിൽ കശ്‌മീരിൽ 47 സീറ്റുകളും ജമ്മുവിൽ 43 സീറ്റുകളുമാണുള്ളത്. ഇതിൽ 52 സീറ്റുകളിൽ നാഷണൽ കോൺഫറൻസും 31 സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ജമ്മു ഡിവിഷനിലെ നഗ്രോട്ട, ഭാദേർവ, ബനിഹാൾ, ദോഡ എന്നിവിടങ്ങളിലും കശ്‌മീർ ഡിവിഷനിലെ സോപോറിലും ഇരു പാർട്ടികൾക്കും സ്ഥാനാർഥികളുണ്ട്.
ഇവിടെ സൗഹൃദ മത്സരം നടക്കും. ധാരണ പ്രകാരം ഓരോ സീറ്റ് വീതം സിപിഎമ്മിനും പാന്തേഴ്‌സ് പാർട്ടിക്കും നൽകിയിട്ടുണ്ട്. ആകെ സീറ്റുകളിൽ ഒമ്പത് സീറ്റുകൾ എസ്‌ടി വിഭാഗത്തിനും ഏഴെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18ന് ആരംഭിക്കും.
Also Read:തെരഞ്ഞെടുപ്പിനൊരുങ്ങി ജാര്‍ഖണ്ഡ്; കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ഹേമന്ത് സോറന്‍