ന്യൂഡല്‍ഹി :നടക്കാനിരിക്കുന്ന ജമ്മു കശ്‌മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിക്ഷ നേതാവുമായ രാഹുൽ ഗാന്ധി തന്‍റെ യുഎസ് സന്ദർശന കാലാവധി ചുരുക്കിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിൽ ഏകദേശം 10-12 ദിവസത്തേക്കായിരുന്നു രാഹുലിന്‍റെ യുഎസ് സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതു നിലവില്‍ 5-7 ദിവസമായി ചുരുക്കിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ദിവസങ്ങളില്‍ മാറ്റം വന്നതോടെ ചില പരിപാടികള്‍ റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷം രാഹുൽ യുഎസില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ടെക്‌സാസില്‍ അദ്ദേഹം ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഒക്‌ടോബര്‍ ഒന്നിനാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. സെപ്‌റ്റംബര്‍ 18, 25, ഒക്‌ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്‌മീര്‍ തെരഞ്ഞെടുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ഫലം ഒക്‌ടോബര്‍ നാലിന് പ്രഖ്യാപിക്കും.
ALSO READ: ജോർജ് കുര്യന്‍ ഉള്‍പ്പെടെ 12 പേര്‍ എതിരില്ലാതെ രാജ്യസഭയില്‍; കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ - 12 Members Elected Unopposed
രാഹുല്‍ യുഎസിലേക്ക് പോകുന്നതിന്‍റെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര സെപ്‌റ്റംബർ രണ്ടാം വാരത്തിൽ പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തിന് തുടക്കമിടുമെന്നും വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുമായി പ്രിയങ്ക ഗാന്ധി 5 മുതൽ 7 വരെ റോഡ് ഷോകളിലും 15 ലധികം തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും. ഇതിൽ ഒരു ഡസനിലധികം റാലികൾ ഹരിയാനയിലാണ് നിശ്ചയിച്ചിരിക്കുന്നത്.