ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് എല്ലാ വര്‍ഷവും രണ്ടുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഗ്യാരന്‍റി ഇതുവരെയും നടപ്പാക്കാനായില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയ വിളകള്‍ക്ക് മിനിമം താങ്ങുവില എന്ന വാഗ്ദാനം പാലിക്കാതെ വന്നതോടെ കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
മോദിജീ, പുതിയ ഗ്യാരന്‍റികള്‍ക്ക് മുമ്പ് പഴയ ഗ്യാരന്‍റികള്‍ ഒന്ന് കണക്കുകൂട്ടൂ എന്നാണ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. എല്ലാ വര്‍ഷവും രണ്ട് കോടി തൊഴിലുകള്‍ എന്ന ഗ്യാരന്‍റി - വ്യാജം, കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം എന്ന ഗ്യാരന്‍റി - വ്യാജം, കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന ഗ്യാരന്‍റി - വ്യാജം. വിലക്കയറ്റം കുറയ്ക്കുമെന്ന ഗ്യാരന്‍റി - വ്യാജം. എല്ലാ അക്കൗണ്ടുകളിലും 15 ലക്ഷം എന്ന ഗ്യാരന്‍റി - വ്യാജം. സ്ത്രീകള്‍ക്ക് സുരക്ഷയും അന്തസ്സും എന്ന ഗ്യാരന്‍റി - വ്യാജം. നൂറ് സ്മാര്‍ട്ട് സിറ്റി എന്ന ഗ്യാരന്‍റി - വ്യാജം. കഴിഞ്ഞ പത്തു വര്‍ഷമായി വ്യാജ സ്വപ്നങ്ങളുടെ മൈക്രോസ്കോപ്പുമായി ഉലകം ചുറ്റുന്ന പ്രധാനമന്ത്രി രാജ്യത്ത് കപടതയുടെ കച്ചവടം നടത്തുകയാണ്... രാഹുല്‍ ഗാന്ധി ആരോപിച്ചു.