ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും പ്രദേശത്തെ ടൂറിസം പുനരുജ്ജീവിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി രാഹുൽ ഗാന്ധി. ഇന്ന് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്‌തത്.
'ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്‌ടങ്ങളിൽ നിന്ന് വയനാട് ക്രമാനുഗതമായി കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നിരിക്കെ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ആളുകൾ ഒത്തുചേരുന്നത് സന്തോഷകരമാണ്.'- രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു.
മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനും സന്ദർശികരെ പ്രോത്സാഹിപ്പിക്കാനും യോജിച്ച ശ്രമം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാഹുല്‍ തന്‍റെ പോസ്റ്റില്‍ പറഞ്ഞു. വയനാടൻ ജനതയെ സഹായിക്കുന്നതില്‍ ടൂറിസത്തിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.