തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളും സിപിഐയുടെ ജോയിന്‍റ് കൗൺസിലും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ജനുവരി 22-ന് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ബന്ധുക്കൾ അസുഖ ബാധിതരാവുക, പരീക്ഷ, പ്രസവാവശ്യം, മറ്റു ഒഴിവാക്കാനാകാത്ത സാഹചര്യം എന്നീ കാരണങ്ങൾക്കൊഴികെ ജനുവരി 22 ന് ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണിമുടക്ക് ദിവസം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്ക് തടസമുണ്ടാവരുതെന്നും അതാത് ഓഫിസ് മേധാവിമാരും ജില്ല കലക്‌ടർമാരും ഇത് ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഓഫീസുകളിൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി ഉറപ്പു വരുത്തണം.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പൊതുഭരണ (രഹസ്യ വകുപ്പിൽ) വകുപ്പ് മേധാവിയോ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനോ കൈമാറണമെന്നും നിർദേശമുണ്ട്.
Also Read: ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി; വിതരണം വെള്ളിയാഴ്‌ച മുതല്‍ - PENSION DISTRIBUTION IN KERALA