വയനാട് :രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്ത വരുമാനം 1,02,78,680 രൂപയാണെന്ന് സത്യവാങ് മൂലം. 2022-23 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. വയനാട് ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്‌ടറുമായ രേണു രാജിന് സമര്‍പ്പിച്ച നാമ നിര്‍ദേശ പട്ടികയോടൊപ്പം നല്‍കിയ സത്യവാങ് മൂലത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
2021-22 കാലയളവില്‍ ഇത് 1,31,04,970 രൂപയായിരുന്നു. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. ബാങ്ക് അക്കൗണ്ടുകളിലും മറ്റ് നിക്ഷേപങ്ങളിലുമായി 26,25,157 രൂപയുണ്ട്. യങ്ങ് ഇന്ത്യന്‍റെ 190000 രൂപയുടെ ഇക്വിറ്റി ഷെയറും രാഹുലിന്‍റെ പക്കലുണ്ട്. 25 കമ്പനികളുടേതായി 4,33,60,519 രൂപയുടെ ഷെയറും രാഹുല്‍ ഗാന്ധിക്കുണ്ട്.
3,81,33,572 രൂപ മൂല്യമുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും 15,21,740 രൂപയുടെ സ്വർണ്ണ ബോണ്ടുകളും അദ്ദേഹത്തിന്‍റെ പേരിലുണ്ട്. 6152426 രൂപയുടെ മറ്റൊരു പോസ്‌റ്റ് ഓഫീസ് നിക്ഷേപവും രാഹുല്‍ ഗാന്ധിയുടെ പിപിഎഫ് അക്കൗണ്ടിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ കൈവശം 4,20,850 രൂപ വിലയുള്ള സ്വർണമുണ്ട്. ആകെ മൊത്തം 9,24,59264 രൂപയുടെ മൂല്യമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.
സുൽത്താൻപൂരിൽ പ്രിയങ്കാ ഗാന്ധിയുടെ കൂടെ പങ്കാളിത്തത്തില്‍ കൃഷിഭൂമി ഉണ്ട്. ഇതിന്‍റെ ഏകദേശ വിപണി മൂല്യം 2,10,13,598 രൂപയാണ്. ഗുരുഗ്രാമിൽ 5838 ചതുരശ്ര അടിയുള്ള വാണിജ്യ കെട്ടിടവും (ഓഫീസ് സ്‌പേസ്) ഉണ്ട്. ഇതിന്‍റെ നിലവിലെ വിപണി മൂല്യം 9,04,89,000 രൂപയാണ്. ഇവയുടെ മൊത്തം മൂല്യം 111502598 രൂപ വരും. 49,79,184 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ മൊത്തം ബാധ്യത.