സുൽത്താൻപൂർ (യുപി) : കേന്ദ്ര മന്ത്രി അമിത് ഷായെ രാഹുൽ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ വാദം കേൾക്കാനായി രാഹുൽ ഗാന്ധി കോടതിയില്‍ ഹാജരായി. എംപി-എംഎൽഎമാരുടെ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലാണ് വാദം നടക്കുന്നത്.
കേസില്‍ ഓഗസ്റ്റ് 12-ന് വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അന്ന് രാഹുല്‍ ഗാന്ധി വീണ്ടും ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ബിജെപി അധ്യക്ഷനും നിലവിലെ ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് 2018 ഓഗസ്റ്റ് 4 ന് ആണ് പ്രാദേശിക ബിജെപി നേതാവ് വിജയ് മിശ്ര രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്.
സത്യസന്ധവും സംശുദ്ധവുമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും ഒരു കൊലപാതക കേസിൽ പ്രതിയായ പാർട്ടി അധ്യക്ഷനാണ് അവര്‍ക്ക് ഉള്ളത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി പരാതിയില്‍ പറയുന്നു. അന്ന് അമിത് ഷാ ആയിരുന്നു ബിജെപി അധ്യക്ഷന്‍. കേസിൽ ഫെബ്രുവരി 20-ന് കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു.
Also Read :അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം; മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി - RSS Defamation case