ഉത്തര്‍പ്രദേശ് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടക്കുന്നത് പ്രത്യയ ശാസ്‌ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗാസിയാബാദില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഇലക്‌ടറല്‍ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ളയാണ്. പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'കുറച്ചുദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി എഎൻഐയ്ക്ക് നീണ്ട അഭിമുഖം നൽകിയിരുന്നു. അത് പൂര്‍ണമായും സ്ക്രിപ്‌റ്റഡ് ആയ, ഫ്ലോപ്പ് ആയ ഷോ ആയിരുന്നു. പ്രധാനമന്ത്രി അതിൽ ഇലക്‌ടറൽ ബോണ്ടുകൾ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. സുതാര്യതയ്ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. അത് ശരിയാണെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്?. സുതാര്യത കൊണ്ടുവരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്തിനാണ് അവയുടെ പേരുകൾ മറച്ചുവച്ചത്?.
ബിജെപിക്ക് ആരാണ് പണം നൽകിയത്?. അവർ നിങ്ങൾക്ക് പണം നൽകിയ തീയതികൾ നിങ്ങൾ എന്തിന് മറച്ചുവച്ചു?. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ കൊള്ളയാണ്. പ്രധാനമന്ത്രി ഇതില്‍ എത്രമാത്രം വ്യക്തത വരുത്താന്‍ ആഗ്രഹിച്ചാലും ഇന്ത്യയിലെ എല്ലാ വ്യവസായികളും ഇത് മനസിലാക്കിയതാണ്. പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം' - രാഹുല്‍ പറഞ്ഞു.
ഇന്ത്യാസഖ്യത്തിന് അനുകൂലമായ അടിയൊഴുക്ക് രാജ്യത്തുണ്ട്. '15-20 ദിവസം മുമ്പ് ബിജെപി 180 സീറ്റുകൾ നേടുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് 150 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.