ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കം ചെയ്‌തു. ഹിന്ദുക്കളുടെ പേരില്‍ രാജ്യത്ത് അതിക്രമം നടക്കുന്നുവെന്ന പരാമര്‍ശമാണ് രേഖകളില്‍ നിന്ന് നീക്കം ചെയ്‌തത്. ആര്‍എസ്എസിനെതിരായ പരാമര്‍ശവും രേഖകളില്‍ ഇല്ല.രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശങ്ങള്‍.
പ്രതിപക്ഷ നേതാവ് എന്ന പദവിയിലുള്ള തന്‍റെ ആദ്യ ലോക്‌സഭ പ്രസംഗത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് ഇത് സഭയെ ശബ്‌ദായമാനമാക്കി. ഭരണപക്ഷ നേതാക്കള്‍ രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നുവെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ഇത് ഭരണപക്ഷത്ത് നിന്നുള്ള കടുത്ത വിമര്‍ശനത്തിന് കാരണമായി. ഹിന്ദു സമൂഹം മുഴുവന്‍ അക്രമികളാണെന്ന് രാഹുല്‍ പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും കുറ്റപ്പെടുത്തി. പിന്നീട് രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കി.
മോദിക്ക് പുറമെ അഞ്ച് കാബിനറ്റ് മന്ത്രിമാരും രാഹുലിന്‍റെ പ്രസംഗത്തില്‍ ഇടപെട്ടു. എന്നാല്‍ ഒരു മണിക്കൂറും നാല്‍പ്പത് മിനിറ്റും രാഹുല്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് തന്‍റെ പ്രസംഗം തുടര്‍ന്നു. രാഹുല്‍ മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കയും സന്ദര്‍ശക ഗാലറിയിലിരുന്ന് രാഹുലിന്‍റെ പ്രസംഗം ശ്രവിക്കുന്നുണ്ടായിരുന്നു.
ഒരു മതം മാത്രം ധൈര്യത്തെക്കുറിച്ച് പറയുകയല്ല. നമ്മുടെ എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ച് പറയുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭയമില്ലായ്‌മയെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ് നബി ഖുറാനില്‍ പറയുന്നുണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭഗവാന്‍ ശിവന്‍, ഗുരുനാനാക്ക്, യേശുക്രിസ്‌തു എന്നിവരുടെ ചിത്രങ്ങള്‍ എടുത്ത് കാട്ടി ഹിന്ദുത്വം, ഇസ്‌ലാം, സിഖുമതം, ക്രിസ്‌തുമതം, ബുദ്ധമതം, ജൈനമതം എന്നിവ നിര്‍ഭയതയുടെ പ്രാധാന്യം പഠിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഭഗവാന്‍ ശിവനും ഗുരുനാനാക്കിന്‍റെ പാഠങ്ങളും, ക്രിസ്‌തുദേവൻ, ബുദ്ധൻ, മഹാവീരൻ തുടങ്ങിയ എല്ലാ മതത്തിലെയും മഹാന്‍മാരും ഭയപ്പെടരുതെന്നും ആരെയും ഭയപ്പെടുത്തരുതെന്നുമാണ് പഠിപ്പിച്ചത്. ശിവജിയും ഇത് തന്നെ പറഞ്ഞു. അഹിംസയും ഇതാണ് പഠിപ്പിച്ചത്. ഇതിനെതിരെ ഭരണപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ നിങ്ങള്‍ ഹിന്ദുവല്ലെന്നും രാഹുല്‍ ആരോപിച്ചു.
സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ അതില്‍ നിന്ന് പിന്നോട്ട് പോകുകയോ അതിനെ ഭയക്കുകയോ ചെയ്യില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഭഗവാന്‍ ശിവന്‍റെ ചിത്രം കാട്ടിയപ്പോള്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ അനുവദനീയമല്ലെന്നായിരുന്നു സ്‌പീക്കര്‍ ഓം ബിര്‍ലയുടെ ഓര്‍മ്മപ്പെടുത്തല്‍.
ഇതൊരു ഗൗരവമുള്ള സംഗതിയാണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാഹുലിന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചത്. മുഴുവന്‍ ഹിന്ദു സമൂഹത്തെയുമാണ് രാഹുല്‍ അക്രമികള്‍ എന്ന് വിളിച്ചതെന്നും മോദി കുറ്റപ്പെടുത്തി. അന്ന് കോണ്‍ഗ്രസ് പ്രത്യയശാസ്‌ത്രപരമായ ഭീകരതയാണ് രാജ്യത്ത് പടര്‍ത്തിയത്. പ്രതിപക്ഷ നേതാവ് ജനാധിപത്യവും ഭരണഘടനയും പഠിക്കണമെന്നും മോദി ഉപദേശിച്ചു.
കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം. ഹിന്ദുക്കളായിരിക്കുന്നതില്‍ അഭിമാനിക്കുന്ന കോടിക്കണക്കിനുള്ള ജനതയുടെ വികാരം വ്രണപ്പെടുത്തുകയാണ് രാഹുല്‍ ചെയ്‌തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയും സിക്ക് വിരുദ്ധ കലാപവും നടത്തിയ കോണ്‍ഗ്രസിന് അഹിംസയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.