ന്യൂഡൽഹി :നരേന്ദ്ര മോദി പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്‌തതിലുളള സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് നടന്‍ ആർ മാധവൻ. മോദി മൂന്നാം തവണവും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിച്ചേര്‍ന്നതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്ന് പറഞ്ഞാണ് ഇൻസ്റ്റഗ്രാം പോസ്‌റ്റ് ആരംഭിക്കുന്നത്. അത്ഭുതാവഹവും അസാധാരണവുമായ സംഭവമായാണ് ഇതിനെ നടന്‍ വിശേഷിപ്പിക്കുന്നത്.
വളർച്ചയുടെയും പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു കാലഘട്ടത്തിലേക്ക് മോദി ജനങ്ങളെ നയിക്കുമെന്ന പ്രതീക്ഷയും മാധവന്‍ പോസ്‌റ്റിലൂടെ പങ്കുവച്ചു. വസുധൈവ കുടുംബകത്തില്‍ അധിഷ്‌ഠിതമായ സ്‌നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും പേരില്‍ മഹത്തായ രാഷ്‌ട്രമാക്കി ലോകത്തിന് മുന്നില്‍ ഇന്ത്യയെ അവതരിപ്പിക്കുമെന്ന് അറിയാമെന്നും അദ്ദേഹം എഴുതി.