കേരളം

kerala

ETV Bharat / bharat

മാഹി പോളിങ് ബൂത്തിലേക്ക്; കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു - campaign Ends in Puducherry - CAMPAIGN ENDS IN PUDUCHERRY

മാഹി ഉള്‍പ്പെടുന്ന പുതുച്ചേരിയില്‍ ആവേശമില്ലാത്ത കൊട്ടിക്കലാശം. നാളെ നിശബ്‌ദ പ്രചാരണം. മറ്റെന്നാള്‍ പോളിങ് ബൂത്തില്‍.

ELECTIONMAHE  CAMPAIGN ENDS IN PUDUCHERRY  MAHI  POLLING ON FRIDAY
Election campaign Ends in Puducherry, Silent campaign on tomorrow

By ETV Bharat Kerala Team

Published : Apr 17, 2024, 10:42 PM IST

മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ തണുത്തുറഞ്ഞ കൊട്ടിക്കലാശം

കണ്ണൂര്‍: നാമമാത്രമായ കൊട്ടിക്കലാശത്തോടെ മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണു. തൊട്ടടുത്ത ജില്ലകളായ കണ്ണൂരും കോഴിക്കോടും പ്രചാരണം ആവേശത്തോടെ കൊണ്ടാടുമ്പോഴും മാഹിയില്‍ എല്ലാം പേരിനു മാത്രമായിരുന്നു.

ബോര്‍ഡുകളോ കൊടികളോ ബാനറുകളോ ചുമരെഴുത്തോ കാര്യമായി പ്രദര്‍ശിപ്പിക്കാത്ത തെരഞ്ഞെടുപ്പിനാണ് മയ്യഴി സാക്ഷ്യം വഹിക്കുന്നത്. വീടുകള്‍ കയറിയുള്ള വോട്ട് തേടലും അപൂര്‍വ്വമായി നടന്ന വാഹന പ്രചാരണവും മാത്രമാണ് മാഹിയില്‍ അരങ്ങേറിയത്. വൈകിട്ട് നൂറ് വീതം ആളുകളെ പങ്കെടുപ്പിച്ചാണ് പ്രചാരണത്തിന് സമാപനം കുറിച്ചത്. നിബന്ധന പാലിച്ച് ഇന്ത്യാ മുന്നണിയുടേയും എന്‍ഡിഎയുടേയും പ്രചാരണം റോഡ് ഷോയില്‍ ഒതുങ്ങി.

മൂലക്കടവില്‍ നിന്ന് ആരംഭിച്ച ഇന്ത്യാ മുന്നണിയുടെ റോഡ് ഷോയ്ക്ക്‌ മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, രമേഷ് പറമ്പത്ത് എംഎല്‍എ, മറ്റ് ഘടകകക്ഷി നേതാക്കളും നേതൃത്വം നല്‍കി. മാഹിയുടെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോയ റോഡ്‌ഷോ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. എന്‍ഡിഎയുടെ റോഡ് ഷോ പന്തക്കല്‍ മൂലക്കടവില്‍ നിന്ന് ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് എ ദിനേശന്‍ ഉദ്‌ഘാടനം ചെയ്‌തു. മാഹി പ്രഭാരി രവി ചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. റോഡ് ഷോ ഇരട്ട പിലാക്കൂലില്‍ സമാപിച്ചു.

85 വയസ്സ് കഴിഞ്ഞവരുടേയും അംഗപരിമിതരുടേയും 268 വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ പോയി രേഖപ്പെടുത്തി കഴിഞ്ഞു. ആകെയുള്ള 31 പോളിങ് ബൂത്തുകളും വനിതകള്‍ നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ മാഹിക്കുണ്ട്. 28 വയസ്സിന് താഴെയുള്ള ഒരു യൂത്ത് ബൂത്തും മയ്യഴിയില്‍ ഒരുക്കുന്നുണ്ട്.

കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ എന്നീ മുഖ്യ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രാധാന മത്സരം. എഐഎഡിഎംകെ രംഗത്തുണ്ടെങ്കിലും ഒരു ത്രികോണ മത്സരത്തിന്‍റെ ചൂടും ചൂരും മണ്ഡലത്തില്‍ ഏശിയിട്ടില്ല. പുതുച്ചേരിയില്‍ കൂടുതല്‍ എംഎല്‍എമാരുള്ള എന്‍ആര്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

മുഖ്യമന്ത്രിയും, മൂന്ന് പതിറ്റാണ്ടു കാലത്തോളം എംഎല്‍എയും സ്‌പീക്കറും എംപിയും ആയിരുന്ന വി വൈത്തിലിംഗമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വൈത്തിലിംഗത്തെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷിയായ ഡിഎംകെയും സജീവമായി രംഗത്തുണ്ട്. സൗമ്യനും ജനങ്ങള്‍ക്ക് സുപരിചിതനുമായ വൈത്തിലിംഗം മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥിയായി നവശിവായമാണ് രംഗത്തെത്തിയത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പോരിന് വീര്യമേറി. കേന്ദ്ര മന്ത്രി പദവി വാഗ്‌ദാനം ചെയ്‌താണ് നമശ്ശിവായത്തെ ബിജെപി കളത്തിലിറക്കിയത്. നമശ്ശിവായത്തെ ജയിപ്പിച്ച് ലോക്‌സഭയിലെത്തിച്ചാല്‍ മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുടെ പദവിക്കും ഉറപ്പാകും. എഐഎഡിഎംകെ, എന്‍ഡിഎ മുന്നണിയില്‍ നിന്ന് പിന്‍മാറിയത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ശുഭ പ്രതീക്ഷ നല്‍കുന്നു.

Also Read:തെരഞ്ഞെടുപ്പ് ചട്ടലംഘനം: ബംഗാള്‍ ഗവര്‍ണറുടെ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ആര്‍ കോണ്‍ഗ്രസിന് 26.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഡിഎംകെയ്ക്ക്‌ 18.8 ഉം കോണ്‍ഗ്രസിന് 15.9 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ആറ് സ്വതന്ത്രന്‍മാര്‍ 21.1 ശതമാനം വോട്ടും നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മാഹിയില്‍ ലഭിച്ചത് 9744 വോട്ടാണ്. എന്‍ആര്‍ കോണ്‍ഗ്രസ് 3532 ഉം സിപിഎം സ്വതന്ത്രന്‍ 9444 വോട്ടും നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സിപിഎം പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാഹിയില്‍ പ്രചാരണം നടത്തുന്നില്ല. പുതുച്ചേരിയില്‍ മറ്റെല്ലായിടത്തും സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് പിന്‍തുണക്കുന്നത്.

ABOUT THE AUTHOR

...view details