ഉത്തര്‍പ്രദേശ് : കാര്‍ ഡിവൈഡറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. കാറിലുണ്ടായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുരേഭാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സൂർ ഗ്രാമത്തിന് സമീപമുള്ള പുർവാഞ്ചൽ എക്‌സ്‌പ്രസ് വേയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറയിച്ചു.
ചന്ദ്ര ഗുപ്‌ത (55), ഭാര്യ മായ ദേവി (52), ചിന്ത ദേവി (51) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വികാസ് (30) എന്നയാളെ സുൽത്താൻപൂർ സർക്കാർ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഹാറിലെ അറായിൽ നിന്നുള്ള കുടുംബം ഹരിയാനയിലെ ബല്ലഭ്‌ഗഢിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അമിത വേഗതയിൽ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
നേരത്തെ, കർണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലെ മംഗനകൊപ്പയ്ക്കും ബീഡി ഗ്രാമത്തിനും ഇടയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ധാർവാഡ് നഗരത്തിലെ ലംഗോട്ടി ഗല്ലി സ്വദേശികളായ കാർ ഡ്രൈവർ ഷാരൂഖ് പെന്ദാരി (30), ഇഖ്ബാൽ ജമാദാർ (50), സാനിയ ലംഗോട്ടി (37), ഉംറ ബീഗം ലംഗോട്ടി (17), ഷബാനാമ ലംഗോട്ടി (37), പരൻ ലംഗോട്ടി (37) എന്നിവരാണ് മരിച്ചത്. ഫറത്ത് ബെറ്റഗേരി (18), സോഫിയ ലംഗോട്ടി (22), സാനിയ ഇഖ്ബാൽ ജമാദാർ (36), മോഹിൻ ലംഗോട്ടി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്.