ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന മേള എന്ന ഖ്യാതിയും കുംഭമേളയ്‌ക്ക് തന്നെ. ഇത്തരത്തില്‍ 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ്. 2025 ജനുവരി 14-ന് ആണ് കുംഭമേളയ്‌ക്ക് തുടക്കമാകുക. ഇക്കുറി മഹാ കുംഭമേളയായി തന്നെയാണ് പൂർണ കുംഭമേള നടത്തപ്പെടുന്നത്.
പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജെയിന്‍, നാസിക് എന്നിവിടങ്ങളെ ജനസാഗരമാക്കുന്ന പ്രതിഭാസമാണ് കുംഭമേള. ഭഗവത് പുരാണം, വിഷ്‌ണുപുരാണം തുടങ്ങിയ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന ദൈവങ്ങള്‍ ശക്തിവീണ്ടെടുക്കാനായി നടത്തിയ പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ വിശ്വാസം.
ഗംഗ നദി (ഹരിദ്വാര്‍), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നീ നദികളിലാണ് കുംഭമേള നടക്കുക. കുഭമേള സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം.
ഐതീഹ്യം ഇങ്ങനെ : ബ്രഹ്മാവിന്‍റെ ഉപദേശ പ്രകാരം ദേവന്മാര്‍ അസുരന്മാരുമായി ചേര്‍ന്ന് അമൃത് കടഞ്ഞെടുത്തു. അമൃത് കടഞ്ഞെടുത്ത് കഴിഞ്ഞാല്‍ അസുരന്മാരുമായി പങ്കുവയ്‌ക്കാതെ സ്വന്തമായി ഉപയോഗിക്കാനായിരുന്നു ദേവന്മാരുടെ തീരുമാനം. ഇതറിഞ്ഞ അസുരന്മാര്‍ പ്രതികരിക്കാൻ തീരുമാനിച്ചു. 12 ദിവസങ്ങളായി നടന്ന ഓട്ടത്തിനിടയില്‍ നാല് നദികളിലായി അമൃത് വീണു എന്നാണ് ചരിത്രം.
കുംഭമേള സമയത്ത് പുണ്യ നദിയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പാപങ്ങളെല്ലാം നീങ്ങി മോക്ഷത്തിലേക്ക് അടുക്കാൻ ഇത് സഹായിക്കുമെന്നും വിശ്വസിച്ചു പോരുന്നു. കുംഭമേളയുടെ സമയത്ത് പുതുതായി സന്യാസം സ്വീകരിച്ച നാഗ സന്യാസിമാര്‍ ഗംഗാ തീരത്ത് ദീക്ഷ അനുഷ്‌ഠിക്കും.