ഡെറാഡൂൺ: 2024ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ഹരിദ്വാറിൽ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് ജില്ല നേതൃത്വം (Priyanka Gandhi Vadra From Haridwar In Lok Sabha). പ്രിയങ്ക മത്സരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്ന ഹരിദ്വാറാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. കോൺഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഉത്തരാഖണ്ഡിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
ഇത്തവണ എങ്ങനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനായി ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പാർട്ടി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പതിവ് യോഗങ്ങളും പുരോഗമിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കാൻ പാർട്ടി ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്തെ അഞ്ച് സീറ്റുകളിൽ, ഗ്രാമീണ വോട്ടർമാരുടെ എണ്ണത്തിൽ ഹരിദ്വാർ പ്രധാനമാണ്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിദ്വാറിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോക്‌സഭ ഇലക്ഷനിൽ സ്ഥാനാർത്ഥിയായി ഒരു ജനപ്രിയ മുഖം എത്തുമ്പോൾ അത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഹരിദ്വാർ ജില്ലയിൽ 14 അസംബ്ലി സീറ്റുകളാണുള്ളത്. ഇതിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരാണ്. ഹരിദ്വാറിൽ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നതിന്‍റെ പ്രധാന കാരണം ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ശക്തമായ സാന്നിധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്.
ഉത്തരാഖണ്ഡിൽ കോൺഗ്രസിന് പ്രമുഖ സ്ത്രീ മുഖമില്ലെന്ന് ഹരിദ്വാറിലെ കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സത്പാൽ ബ്രഹ്മചാരി പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്താൽ ഹരിദ്വാറിൽ പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുന്നതോടെ ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭ സീറ്റുകളിലും സ്വാധീനം ചെലുത്താൻ സാധിക്കും. കൂടാതെ ഹിമാചൽ പ്രദേശിലും പശ്ചിമ യുപിയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാക്കും. സംസ്ഥാനത്തെ പാർട്ടി അണികളിൽ പ്രിയങ്കഗാന്ധിക്ക് പ്രത്യേക അംഗീകാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍റെ പ്രതികരണം.
അതേസമയം പ്രിയങ്ക ഉത്തർപ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണെന്ന ആവശ്യം യുപി കോൺഗ്രസ് ഘടകവും മുന്നോട്ട് വെച്ചിട്ടുണ്ട്. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധികാരം പിടിച്ച തെലങ്കാനയില്‍ നിന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം തെലങ്കാന കോൺഗ്രസ് ഘടകവും മുന്നോട്ട് വെച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മേധക്, മെഡ്‌ചല്‍, മല്‍ക്കാജ് ഗിരി മണ്ഡലങ്ങളില്‍ പ്രിയങ്ക ക്യാമ്പ് ചെയ്‌ത് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.