കേരളം

kerala

ETV Bharat / bharat

പ്രിയങ്ക നാലാം നിരയിൽ; സത്യപ്രതിജ്ഞക്കെത്തിയത് കേരള സാരിയിൽ - PRIYANKA GANDHI TOOK OATH

പ്രിയങ്ക പാര്‍ലമെന്‍റിലെത്തിയത് അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുമൊപ്പം. സത്യപ്രതിജ്ഞ മോദിയുടെയും അമിത് ഷായുടെയും അസാന്നിധ്യത്തിൽ.

PRIYANKA GANDHI WAYANAD MP  PRIYANKA GANDHI OATH CEREMONY  പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ  പ്രിയങ്ക ഗാന്ധി വയനാട് എംപി
Priyanka Gandhi taking oath (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 11:17 AM IST

Updated : Nov 28, 2024, 2:30 PM IST

ന്യൂഡല്‍ഹി: വയനാടിന്‍റെ എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തത്. കേരളത്തോടുള്ള നന്ദി സൂചകമായി കേരള സാരിയണിഞ്ഞാണ് പ്രിയങ്ക പാര്‍ലമെന്‍റിലെത്തിയത്.

സത്യപ്രതിജ്ഞയ്ക്കായി പാര്‍ലമെന്‍റിലേക്ക് പുറപ്പെടും മുമ്പ് 10 ജന്‍പഥിലെത്തിയ പ്രിയങ്ക അമ്മ സോണിയാ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് പാര്‍ലമെന്‍റ് മന്ദിരത്തിലെത്തിയത്. പുഷ്‌പവൃഷ്‌ടിയോടെയാണ് കോൺഗ്രസ് പ്രവർ‌ത്തകർ പാർലമെന്‍റിലേക്ക് യാത്രയാക്കിയത്.

പ്രിയങ്കാ ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (SANDAD TV)

സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും മകന്‍ റെഹാന്‍ വാദ്രയും മകള്‍ മിരായാ വാദ്രയും പാര്‍ലമെന്‍റിലെത്തിയിരുന്നു.

പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റിൽ (ETV Bharat)

താൻ വളരെ സന്തോഷവതിയാണെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. എംപി എന്ന നിലയിൽ വയനാട് ഉരുൾപൊട്ടലിൽ ധനസഹായം ആവശ്യപ്പെട്ടുള്ള സബ്‌മിഷനാകും പ്രിയങ്ക സഭയിൽ ആദ്യം അവതരിപ്പിക്കുക.

ഇരിപ്പിടം നാലാം നിരയിൽ

ആദ്യ ദിനം ലോക് സഭയില്‍ നാലാം നിരയിലാണ് പ്രിയങ്കയ്ക്ക് ഇരിപ്പിടം അനുവദിച്ചത്. ഒന്നാം നിരയിലുള്ള പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളേയും വണങ്ങിയ ശേഷമാണ് പ്രിയങ്ക പാര്‍ലമെന്‍ററി രംഗത്തേക്ക് കാലെടുത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്‌തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ തല്‍സമയം സഭയിലുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി എന്നിവരാണ് ഭരണപക്ഷത്ത് സന്നിഹിതരായിരുന്ന പ്രമുഖ നേതാക്കള്‍.

സത്യപ്രതിജ്ഞ കഴിഞ്ഞ് സീറ്റിലേക്ക് മടങ്ങിയ പ്രിയങ്ക ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെക്കുമ്പോഴും സീറ്റിലിരുന്ന് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു.

Rahul Gandhi clicks Photo of Priyanka (ETV Bharat)

കേരളത്തില്‍ നിന്നുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്‍റോ ആന്‍റണി, എം കെ രാഘവന്‍ എന്നിവരുടെ തൊട്ടുമുന്നിലായിട്ടാണ് പ്രിയങ്കയുടെ ഇരിപ്പിടം. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും പ്രിയങ്കയുടെ നിരയിലാണ്.

Rahul Gandhi Shows taken Photo of Priyanka (ETV Bharat)

കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക് സഭാംഗമാണ് പ്രിയങ്ക. കേരള സാരിയില്‍ പ്രിയങ്ക പാര്‍ലമെന്‍റിലെത്തിയപ്പോള്‍ അത് ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്.

വസ്‌ത്രധാരണത്തില്‍ മാത്രമല്ല രൂപ ഭാവങ്ങളിലും പ്രിയങ്ക മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 30 ഡിസംബര്‍ ഒന്ന് തീയതികളില്‍ പ്രിയങ്ക വയനാട്ടില്‍ പര്യടനം നടത്തും.

മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം രവീന്ദ്ര വസന്ത് റാവു ചവാന്‍ കൂടി ഇന്ന് ലോക് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കുപിന്നാലെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്‌പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു.

Also Read:'ചുമതലയേല്‍ക്കുക ഹേമന്ത് സോറന്‍ മാത്രം, മറ്റുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ അന്തിമ തീരുമാനത്തിന് ശേഷം'; ഗുലാം അഹമ്മദ് മിര്‍

Last Updated : Nov 28, 2024, 2:30 PM IST

ABOUT THE AUTHOR

...view details