മൊറാദാബാദ്:ഇന്ന് ഉത്തർപ്രദേശിൽ പുനഃരാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കുചേർന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്ര. മൊറാദാബാദിൽ നിന്നാണ് പ്രിയങ്ക യാത്രയിൽ അണിചേർന്നത്. ന്യായ് യാത്ര തുടങ്ങിയ ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത് (Priyanka Gandhi in Bharat Jodo Nyay Yatra).
യാത്രയുടെ 42 -ാം ദിവസമാണിന്ന്. രാവിലെ മൊറാദാബാദിൽ നിന്ന് തുടങ്ങിയ യാത്ര സാംബാൾ അമ്രോഹ എന്നിവിടങ്ങളിൽ പര്യടനം നടത്തിയശേഷം രാത്രി ബുലന്ദ്ഷഹറിൽ സമാപിക്കും. നാളെ (ഞായർ) അലിഗഡ്, ഹത്രാസ്, ആഗ്ര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഫത്തേപുർ സിക്രിയിൽ യാത്ര അവസാനിക്കും (Bharat Jodo Nyay Yatra Uttar Pradesh).
ദേശസ്നേഹികൾ വിദ്വേഷത്തിൻ്റെ വിപണിയല്ല നടത്തുന്നതെന്നും അവർ സ്നേഹത്തിന്‍റെ കടകളാണ് തുറക്കുന്നതെന്നും ഇന്ന് മൊറാദാബാദിൽ നടത്തിയ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സ്നേഹം കൊണ്ട് മാത്രമേ വിദ്വേഷം അവസാനിപ്പിക്കാനാകൂ എന്നും വൻ ജനാവലിയെ സാക്ഷിയാക്കി രാഹുൽ പറഞ്ഞു.
യാത്ര അമ്രോഹയിലെത്തിയപ്പോലും വൻ ജനസഞ്ചയമാണ് രാഹുലിനെയും പ്രിയങ്കയെയും കാത്തുനിന്നത്. അമ്രോഹയില്‍ സന്യാസി ശ്രേഷ്‌ഠനായിരുന്ന ശിരോമണി രവിദാസിന്‍റെ സ്‌മാരകത്തിലെത്തിയ രാഹുൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
Also Read: ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ എംഎസ്‌പി നിയമം കൊണ്ടുവരും; രാഹുൽ ഗാന്ധി
രാഹുൽ വിദേശത്തേക്ക്, യാത്ര നിർത്തിവയ്ക്കും:രാഹുൽ വിദേശത്തേക്ക് പോകുന്നതിനാൽഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അഞ്ച് ദിവസം ഇടവേള നല്‍കുമെന്ന് കോണ്‍ഗ്രസ്. ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര ഇടവേള എടുക്കുന്നത്. രാഹുൽ ഗാന്ധിക്ക് കേംബ്രിഡ്‌ജ് സർവകലാശാലയിൽ രണ്ട് പ്രത്യേക പ്രഭാഷണങ്ങൾ നടത്താനും, ന്യൂഡൽഹിയിലെ പ്രധാന യോഗങ്ങളിൽ പങ്കെടുക്കാനുമുള്ളതിനാലാണ് ഇടവേള (Bharat Jodo Nyay Yatra is Taking Break).
ഫെബ്രുവരി 24ന് രാവിലെ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കും. തുടര്‍ന്ന് രാജസ്ഥാനിലെ ധോൽപൂരിൽ എത്തുന്നതിന് മുമ്പായി സംഭാൽ, അലിഗഡ്, ഹത്രാസ്, ആഗ്ര എന്നീ ജില്ലകളിലായി പര്യടനം നടത്തുമെന്നും ജയറാം രമേശ് പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇടവേളയ്ക്ക് ശേഷം മാർച്ച് 2ന് ഉച്ചയ്ക്ക് 2 മണിക്ക് ധോൽപൂരിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും. മധ്യപ്രദേശിലെ മറ്റ് ജില്ലകള്‍ ഉൾപ്പടെ മൊറേന, ഗ്വാളിയോർ, ശിവപുരി, ഗുണ, ഷാജാപൂർ, ഉജ്ജയിൻ എന്നിവിടങ്ങളിലും പര്യടനം നടത്തും.
Also Read: ഭാരത് ജോഡോ ന്യായ് യാത്ര പാളം തെറ്റില്ല, രാഹുൽ ഗാന്ധിയെ നിശബ്‌ദനാക്കാനാകില്ല; ജയറാം രമേശ്
മാർച്ച് 5ന് ഉച്ചയ്ക്ക് 2 മണിക്ക് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തുമെന്നും ജയറാം രമേശ് അറിയിച്ചു. 2022 നവംബർ 29 ന് ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി അവസാനമായി ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.