ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്‌നാഥ് സിങ്, അമിത് ഷാ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ മന്ത്രിസഭാംഗങ്ങളും, പാർലമെൻ്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു. സഭാ നേതാവെന്ന നിലയിൽ മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്‌തു. ഭരണ പക്ഷ അംഗങ്ങൾ ഉയർത്തിയ "ജയ് ശ്രീറാം" മുദ്രാവാക്യങ്ങൾക്കിടയില്‍ ഹിന്ദിയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തത്.
ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ലോക്‌സഭംഗമാകുന്നത്. 2014 മുതൽ ജയിച്ചുവരുന്ന വാരാണസി സീറ്റ് മോദി ഇത്തവണയും നിലനിർത്തി. പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ മന്ത്രിസഭാംഗങ്ങളും ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.
രാജ്‌നാഥ് സിങ്, അമിത് ഷാ, റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി എന്നിവരും പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു. സിങ് ഉത്തർപ്രദേശിലെ ലഖ്‌നൗ സീറ്റ് നിലനിർത്തിയപ്പോൾ, ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും ഗഡ്‌കരി മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്നും വിജയിച്ചെത്തി. ഹിന്ദിയിലാണ് മൂവരും സത്യപ്രതിജ്ഞ ചെയ്‌തത്.
അവർക്കുമുമ്പ്, എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ പ്രോ-ടേം സ്‌പീക്കറെ സഹായിക്കുന്ന മുതിർന്ന അംഗങ്ങളായ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്‌തെ തുടങ്ങിയവര്‍ പുതിയ സഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രോടേം സ്‌പീക്കർ ഭര്‍തൃഹരി മഹ്താബിനൊപ്പം സഭ നിയന്ത്രിക്കാൻ ,അവർ സഹായിക്കും.
കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ, വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി ജിതൻ റാം മാഞ്ചി, ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ (ലാലൻ) സിങ് എന്നിവരും പുതിയ ലോക്‌സഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു. മാഞ്ചി, രാജീവ് രഞ്ജൻ സിങ് എന്നിവര്‍ യഥാക്രമം എൻഡിഎ പങ്കാളികളായ ഹിന്ദുസ്ഥാനി അവാമി മോർച്ചയുടേയും ജെഡി-യുവിന്‍റേയും നേതാക്കളാണ്.
സ്‌റ്റീൽ, ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി കന്നഡയിലും ,വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒഡിയയിലും ,തുറമുഖ ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അസമീസിലും, സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡുവും, കൽക്കരി ഖനി മന്ത്രി ജി കിഷൻ റെഡ്ഡി തെലുങ്കിലും ,ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദിലും സത്യപ്രതിജ്ഞ ചെയ്‌തു.
എട്ട് തവണ അംഗമായ ദളിത് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ച് മഹ്താബിനെ പ്രോ-ടേം സ്‌പീക്കറായി നിയമിച്ചതിനെതിരെ കോൺഗ്രസ് എതിർപ്പ് ഉന്നയിച്ചിരുന്നു. കോൺഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് , ടി ആർ ബാലു (ഡിഎംകെ), സുദീപ് ബന്ദ്യോപാധ്യായ (ടിഎംസി) എന്നിവർ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയില്ല.
രാവിലെ, രാഷ്‌ട്രപതി ഭവനിൽ പുതിയ സഭയിലെ അംഗമായും പ്രോ-ടേം സ്‌പീക്കറായും ഭര്‍തൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു. നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, പുതിയ സഭയുടെ ആദ്യ സമ്മേളനത്തെ അടയാളപ്പെടുത്താൻ എല്ലാ അംഗങ്ങളും കുറച്ച് നിമിഷം മൗനം ആചരിച്ചു.
ALSO READ:പ്രോ-ടേം സ്‌പീക്കർ വിവാദം: എംപിമാരുടെ സത്യപ്രതിജ്ഞ സമയത്ത് സഹകരിക്കില്ലെന്ന് കോൺഗ്രസ്