കേരളം

kerala

ETV Bharat / bharat

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചേ തീരൂ; ആഹ്വാനവുമായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു - MURMU REACTS TO RG KAR RAPE CASE - MURMU REACTS TO RG KAR RAPE CASE

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അതിക്രമങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും പങ്ക് വച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. നമ്മുടെ പെണ്‍മക്കളുടെ പാതയില്‍ നിന്ന് തടസങ്ങള്‍ നീക്കം ചെയ്‌ത് അവര്‍ക്ക് ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ സാഹചര്യമൊരുക്കണമെന്നും മുര്‍മു ചൂണ്ടിക്കാട്ടി.

PRESIDENT DRAUPADI MURMU  RG KAR MEDICAL COLLEGE  YOUNG DOCTOR RAPE  NIRBHAYA
PRESIDENT DRAUPADI MURMU (ANI)

By ETV Bharat Kerala Team

Published : Aug 28, 2024, 6:00 PM IST

ന്യൂഡല്‍ഹി: സ്‌ത്രീകളെ ബുദ്ധിയും ശക്തിയും കഴിവും കുറഞ്ഞവരായി കണക്കാക്കുന്ന പൊതുബോധത്തിന് മാറ്റമുണ്ടാകണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യം ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്‌ത്രീകളെ ഉപഭോഗ വസ്‌തുക്കളായി പരിഗണിക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാകണം. സ്‌ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മാസം ഒന്‍പതിന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ യുവ ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകമെന്നും രാഷ്‌ട്രപതി പറഞ്ഞു.

വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ പ്രത്യേക ലേഖനത്തിലാണ് രാഷ്‌ട്രപതിയുടെ വാക്കുകള്‍. സംസ്‌കാര സമ്പന്നരായ ഒരു സമൂഹത്തിന് ഒരിക്കലും ഇത്തരത്തില്‍ തങ്ങളുടെ പെണ്‍മക്കളും സ്‌ത്രീകളും ആക്രമിക്കപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

"Women's Safety: Enough is Enough" എന്ന് പേരിട്ടിരിക്കുന്ന തന്‍റെ ലേഖനത്തില്‍ നിശിതമായ വിമര്‍ശനങ്ങളാണ് രാഷ്‌ട്രപതി ഉയര്‍ത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് പശ്ചിമബംഗാളില്‍ യുവ ഡോക്‌ടര്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് രാഷ്‌ട്രപതി ഇത്തരത്തില്‍ ഒരു പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പിടിഐയുടെ പത്രാധിപ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുര്‍മു ഈ ലേഖനം തയാറാക്കിയത്. പിടിഐയുടെ 77മത് വാര്‍ഷികത്തിന്‍റെ ഭാഗമായി ഇവരെ രാഷ്‌ട്രപതി ഭവനിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മുര്‍മുവിന്‍റെ കൂടിക്കാഴ്‌ച. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികളും ഡോക്‌ടര്‍മാരും തെരുവുകളില്‍ പ്രതിഷേധിക്കുമ്പോള്‍ കുറ്റവാളികള്‍ ഏതോ സുരക്ഷിത മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു.

രക്ഷാബന്ധന്‍ ദിവസം കുറച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി ഇടപഴകിയതിനെക്കുറിച്ചും അവരുടെ നിഷ്‌കളങ്കമായ ഒരു ചോദ്യത്തെക്കുറിച്ചും മുര്‍മു ഈ കൂടിക്കാഴ്‌ചയില്‍ പരാമര്‍ശിച്ചു. രാജ്യത്ത് ഇനിയും നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനാകുമോ എന്നായിരുന്നു ആ കുഞ്ഞുങ്ങള്‍ തന്നോട് ചോദിച്ചത്.

നിര്‍ഭയ സംഭവത്തിന് ശേഷം ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാം കഴിഞ്ഞ കാല സംഭവങ്ങളില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളുന്നില്ല. ഇവിടെ നിയമങ്ങളും സാമൂഹ്യ മുന്നേറ്റങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ കാര്യങ്ങളെല്ലാം പഴയ പടി തന്നെ തുടരുകയാണ്. ഒട്ടകപക്ഷിയെ പോലെ നാം മണ്ണില്‍ തലപൂഴ്‌ത്തിയിരിക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം നേരിടേണ്ട കാലം വന്നെത്തിയിരിക്കുന്നു.

സമൂഹത്തിന് സത്യസന്ധമായ നിക്ഷ്‌പക്ഷമായ ഒരു ആത്മപരിശോധന ആവശ്യമായിരിക്കുന്നു. നാം സ്വയം ചില ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടിയിരിക്കുന്നു. എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്?. എങ്ങനെ ഇവ പരിഹരിക്കാം?. ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താതെ നമ്മുടെ ജനതയുടെ പകുതിക്ക് മറുപകുതിയെ പോലെ നിര്‍ഭയം ഇവിടെ ജീവിക്കാനാകില്ലെന്നും രാഷ്‌ട്രപതി പറഞ്ഞ് അവസാനിപ്പിക്കുന്നു.

Also Read:ബലാത്സംഗ കേസില്‍ തൂക്കുകയർ; നിയമ ഭേദഗതിക്കൊരുങ്ങി പശ്ചിമബംഗാള്‍

ABOUT THE AUTHOR

...view details