ന്യൂഡൽഹി:ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ MQ-9B പ്രഡേറ്റർ ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യൻ കര, വ്യോമ സേനകള്‍. ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ചൈനയുമായുള്ള ലൈന്‍ ഓഫ് ആക്‌ച്വല്‍ കണ്‍ട്രോള്‍ നിരീക്ഷണം മെച്ചപ്പെടുത്താനാണ് ഡ്രോണുകള്‍ സ്ഥാപിക്കുന്നത്.
ഏകദേശം 4 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഡ്രോൺ ഇടപാട് ചര്‍ച്ച അമേരിക്കയുമായി പുരോഗമിക്കുകയാണ്. 'MQ-9B ഡ്രോണുകൾക്ക്, പറന്നുയരുന്നതിനും ലാൻഡിങ്ങിനും റൺവേ നീളം ആവശ്യമാണ്. അത് ഇന്ത്യൻ വ്യോമസേനയിൽ ലഭ്യമാണ്. അതുകൊണ്ടാണ് സർസാവയിലെയും ഗൊരഖ്‌പൂരിലെയും എയർബേസുകളിൽ ആർമി ഡോണുകൾ ഐഎഎഫിനൊപ്പം വിന്യസിക്കാൻ പദ്ധതിയിട്ടത്.'- പ്രതിരോധ ഉദ്യോഗസ്ഥർ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
40,000 അടിയിലധികം ഉയരത്തിൽ, 36 മണിക്കൂറിലധികം പറക്കാന്‍ കഴിവുള്ളതാണ് 31 MQ-9B ഡ്രോണുകൾ. ഹെൽഫയർ എയർ-ടു-ഗ്രൗണ്ട് മിസൈലുകളും സ്‌മാർട്ട് ബോംബുകളും ഇതില്‍ ഘടിപ്പിക്കാനുമാകും.