പൂനെ: രാമജന്മഭൂമി-ബാബറി മസ്‌ജിദ് തർക്കത്തിന് പരിഹാരം കാണാൻ താൻ ദൈവത്തോട് പ്രാർഥിച്ചിരുന്നുവെന്നും വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴി കണ്ടെത്തുമെന്നും ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പൂനെയിലെ ഖേഡ് താലൂക്കിലെ തന്‍റെ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പലപ്പോഴും ഞങ്ങൾക്ക് വിധി പറയാൻ നിരവധി കേസുകളുണ്ടാകാറുണ്ട്, പക്ഷേ ഞങ്ങൾക്ക് വ്യക്തമായ ഒരു പരിഹാരം കാണാൻ സാധിക്കാറില്ല. മൂന്ന് മാസമായി എന്‍റെ മുന്നിലുണ്ടായിരുന്ന അയോധ്യ (രാമജന്മഭൂമി-ബാബറി മസ്‌ജിദ് തർക്കം) സമയത്തും സമാനമായ ചിലത് സംഭവിച്ചു. അതിനാല്‍, ഞാൻ ദൈവത്തിന്‍റെ മുന്നില്‍ ഇരുന്നുകൊണ്ട് ഒരു പരിഹാരം കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു,' -പൂനെയിലെ പരിപാടിക്കിടെ ചന്ദ്രചൂഡ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താൻ ദൈവ വിശ്വാസിയാണെന്ന് പറഞ്ഞ ചീഫ് ജസ്‌റ്റിസ് താൻ പതിവായി ദൈവത്തോട് പ്രാർഥിക്കാറുണ്ടെന്നും വ്യക്തമാക്കി. 'എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തും' എന്നും അദ്ദേഹം പറഞ്ഞു. 2019 നവംബർ 9 നാണ്, അന്നത്തെ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തര്‍ക്കം പരിഹരിച്ചത്.
അയോധ്യയിൽ തന്നെ ബദലായി അഞ്ചേക്കർ സ്ഥലത്ത് പള്ളി നിർമിക്കുമെന്നും ബെഞ്ച് വിധിച്ചു. ചന്ദ്രചൂഡും അയോധ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ അംഗമായിരുന്നു. ഈ വർഷം ജൂലൈയിൽ ചീഫ് ജസ്‌റ്റിസ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു.
Read Also:തുടര്‍ക്കഥയായി വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി; ഇന്ന് മാത്രം ഭീഷണി ഉയര്‍ന്നത് ഇരുപതിലധികം വിമാനങ്ങള്‍ക്ക്