ബെംഗളൂരു : ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ ഏജന്‍സിയുടെ സമന്‍സിന് മറുപടിയുമായി ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ. ബെംഗളൂരുവിലില്ലാത്തതിനാല്‍ ഹാജരാകാന്‍ ഏഴ് ദിവസത്തെ സാവകാശം നല്‍കണമെന്ന് രേവണ്ണ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. രേവണ്ണയുടെ വക്കീല്‍ മുഖേന അയച്ച കത്ത് രേവണ്ണയുടെ തന്നെ എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
സത്യം വിജയിക്കുമെന്നും പ്രജ്വല്‍ രേവണ്ണ എക്‌സില്‍ കുറിച്ചു. 24 മണിക്കൂറിനകം അന്വേഷണത്തിന് ഹാജരാകണമെന്നായിരുന്നു എസ്ഐടി നിര്‍ദേശം. ഇതിന് പിന്നാലെയാണ് രേവണ്ണയുടെ പ്രതികരണം.
വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ രേവണ്ണ രാജ്യം വിട്ടിരുന്നു. ഇയാള്‍ ജര്‍മനിയില്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന് രാജ്യം വിടാന്‍ എച്ച്‌ഡി ദേവഗൗഡ സഹായം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അറിയാതെയാണോ രേവണ്ണ രാജ്യം വിട്ടത് എന്നും സിദ്ധരാമയ്യ ചോദിച്ചിരുന്നു.
പ്രജ്വല്‍ രേവണ്ണ സ്‌ത്രീകളെ ലൈംഗികമായി അതിക്രമിക്കുന്ന 3,000-ത്തിലധികം വീഡിയോകളാണ് പുറത്ത് വന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത് കര്‍ണാടകയില്‍ വലിയ രാഷ്‌ട്രീയ കോലാഹലം സൃഷ്‌ടിച്ചിരിക്കുകയാണ്.
Also Read :ലൈംഗിക ദൃശ്യങ്ങള്‍: പ്രജ്വല്‍ രേവണ്ണ 24 മണിക്കൂറിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവ് - Prajwal To Appear Within 24 Hours