പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍ (ETV Bharat) ബെംഗളൂരു :ലൈംഗിക അതിക്രമ കേസില്‍ കര്‍ണാകട ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. 34 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രജ്വല്‍ രേവണ്ണ. ജർമനിയിലെ മ്യൂണിക്കില്‍ നിന്ന് ബെംഗളൂരു കേംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ജെഡി(എസ്) എംപിയുടെ അറസ്റ്റ്.
ഇന്നലെ രാത്രി 12.50ഓടെയാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പ്രാഥമിക ചോദ്യം ചെയ്യലിനായി പാലസ് റോഡിലെ സിഐഡി ഓഫിസിലേക്ക് കൊണ്ടുപോയി. പ്രജ്വലിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം ഇന്ന് തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.
പ്രജ്വല്‍ ബെംഗളൂരുവില്‍ എത്തുമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെ അറസ്റ്റ് ചെയ്യാനായി വിമാനത്താവളത്തില്‍ വന്‍തോതില്‍ സുരക്ഷ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ എത്തിയ പ്രജ്വലിനെ സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ആയിരുന്നു.
പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോടതി വാറണ്ടും നിലവിലുണ്ട്. അതേസമയം, മെയ് 31ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് വ്യക്തമാക്കുന്ന വീഡിയോ മെയ് 27ന് പ്രജ്വല്‍ പുറത്തുവിട്ടിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവമായിരുന്നു ഹാസന്‍ എംപിയും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതി.
33കാരനായ പ്രജ്വല്‍ നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തു എന്നാണ് ആരോപണം. നിലവില്‍ മൂന്ന് ലൈംഗിക അതിക്രമ കേസുകളില്‍ പ്രജ്വലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കേസിന് പിന്നാലെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വലിനെതിരെ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.
More Read: 'അന്വേഷണ സംഘത്തിന് മുന്നിൽ മെയ് 31ന് ഹാജരാകും' : വീഡിയോ പുറത്തുവിട്ട് പ്രജ്വൽ രേവണ്ണ - Prajwal Revanna Video Statement