ന്യൂഡൽഹി:ദ്രാവിഡ പ്രസ്ഥാന നേതാവ് പെരിയാർക്കും ഡിഎംകെ നേതാക്കൾക്കുമെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെയുള്ള ക്രിമിനൽ കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രാഷ്‌ട്രീയക്കാര്‍ സംസാരിക്കുമ്പോള്‍ പറയുന്നതിനെക്കുറിച്ച് സൂക്ഷ്‌മത പുലർത്തണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു.
ജസ്‌റ്റിസുമാരായ ഋഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് രാഷ്‌ട്രീയ പ്രസംഗങ്ങളുടെ ഗുണനിലവാരത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയത്. മുതിർന്ന അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡുവാണ് ഹർജിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
'നിങ്ങളുടെ വാദങ്ങള്‍ മതിപ്പുളവാക്കുന്നതാണ്. എന്നാല്‍ ഹര്‍ജി തള്ളിക്കളയുകയാണ്. രാഷ്‌ട്രീയക്കാര്‍ അവർ പറയുന്നതില്‍ സൂക്ഷ്‌മത പുലർത്തണം.'- രാജയുടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു.
എച്ച് രാജയ്ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകള്‍ റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്‌താണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ ജസ്‌റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് രാജയുടെ വാദം അംഗീകരിച്ചില്ല. ഹര്‍ജിക്കാരന്‍ ഒരു പൊതു പ്രവർത്തകന്‍ ആണെന്നും ഈ അനുഭവത്തിലൂടെ എങ്കിലും ഭാഷ പ്രയോഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി രാജയെ ഓർമ്മിപ്പിച്ചു.
2018-ൽ പെരിയാർ, ഡിഎംകെ നേതാക്കൾ, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് ഉദ്യോഗസ്ഥർ, അവരുടെ ഭാര്യമാർ എന്നിവർക്കെതിരെ പൊതുപ്രസംഗത്തിലൂടെയും സോഷ്യൽ മീഡിയ പോസ്‌റ്റുകളിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് രാജയ്‌ക്കെതിരെ കേസെടുത്തത്.
Also Read :'വിധിയിൽ പിഴവുകളുണ്ട്'; വിവിപാറ്റുകള്‍ 100 ശതമാനം എണ്ണണമെന്ന ഹര്‍ജി തള്ളിയ വിധി പുനപരിശോധിക്കണമെന്ന് ഹര്‍ജി