കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലം; ശരദ് പവാറിൻ്റെയും ഉദ്ധവ് താക്കറെയുടെയും രാഷ്ട്രീയ യുഗം അവസാനിക്കുന്നുവോ? - ASSEMBLY ELECTION 2024

മഹാരാഷ്‌ട്രയുടെ ചരിത്രത്തിലാദ്യമായാണ് മഹായുതി സഖ്യം ഇത്ര വലിയ നേട്ടമുണ്ടാക്കുന്നത്.

POLITICAL EXISTENCE OF SHARAD PAWAR  MAHARASHTRA ASSEMBLY ELECTION  ശരദ് പവാര്‍ എന്‍സിപി  മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലം
Uddhav Thackeray and Sharad Pawar (ANI)

By ETV Bharat Kerala Team

Published : Nov 23, 2024, 9:54 PM IST

ഹൈദരാബാദ്‌: ക്രിയാത്മകവും ശക്തവുമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഒരു തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്‌ട്രയില്‍ ഇന്ന് പുറത്തു വന്നത്. പ്രതിപക്ഷത്തിന്‍റെ തകര്‍ച്ചയ്‌ക്കൊപ്പം, ശരദ്‌ പവാര്‍, ഉദ്ധവ് താക്കറെ എന്നീ രണ്ട് രാഷ്‌ട്രീയ അതികായരുടെ ഭാവി തുലാസിലാക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം.

എൻസിപിയും (എസ്‌പി) ശിവസേനയും (യുബിടി) മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഇത്തവണത്തേത്. മഹാരാഷ്‌ട്രയുടെ ചരിത്രത്തിലാദ്യമായാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഇത്ര വലിയ നേട്ടമുണ്ടാക്കുന്നത്. 288ല്‍ സീറ്റില്‍ 230 സീറ്റുകളിലും മഹായുതി സഖ്യത്തിനാണ് ആധിപത്യം.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച പാര്‍ട്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു എംപിയെപ്പോലും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗ സംഖ്യ ശിവസേനയ്ക്കും (യുബിടി), എൻസിപിക്കും കോൺഗ്രസിനുമില്ല. അതേപോലെ പ്രിയങ്ക ചതുർവേദിക്കും സഞ്ജയ് റാവത്തിനും ഇനി രാജ്യസഭാ സീറ്റില്‍ തുടരാനാവില്ല.

2019ലെ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അവിഭക്ത എൻസിപി 54 സീറ്റും അവിഭക്ത ശിവസേന 56 സീറ്റുമാണ് നേടിയത്. അവിഭക്ത ശിവസേന ബിജെപിക്കൊപ്പവും അവിഭക്ത എൻസിപി കോൺഗ്രസിനൊപ്പവുമായിരുന്നു വിജയിച്ച് കയറുകയായിരുന്നു. 2024-ലെ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന ഇതുവരെ 44 സീറ്റുകളിലാണ് വിജയിച്ചത്. 13 സീറ്റുകളിൽ ലീഡ് ചെയ്യുകയുമാണ് പാര്‍ട്ടി.

അതേസമയം, എൻസിപി ഇതുവരെ 35 സീറ്റുകൾ നേടി ആറ് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എന്നാല്‍ ശിവസേനയും (യുബിടി) എൻസിപിയും (എസ്‌പി) മോശം പ്രകടനമാണ് കാഴ്‌ചവെച്ചത്. എൻസിപി (എസ്‌പി) ഇതുവരെ 8 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. ശിവസേന (യുബിടി) 17 സീറ്റുകൾ നേടി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പിലെ തകര്‍ച്ച അജിത് പവാറിന്‍റെയും ഉദ്ധവ് താക്കറെയുടെയും രാഷ്‌ട്രീയ ജീവിതത്തിന് പര്യവസാനം കുറിക്കുമോ എന്നാണ് രാജ്യം ചര്‍ച്ച ചെയ്യുന്നത്. എൻസിപിയുടെ പിളർപ്പ്, ശരദ് പവാറിന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിൽ കടുത്ത നിരാശ സമ്മാനിച്ച ഏടാണ്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് അജിത് പവാർ, ശരദ് പവാർ, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ എന്നീ രാഷ്‌ട്രീയ നേതാക്കളുടെ നിലനിൽപ്പിനായുള്ള പോരാട്ടമായിരിക്കും എന്ന് പൊതുവേ വിലയിരുത്തലുണ്ടായിരുന്നു.

പവാർ രാഷ്‌ട്രീയത്തിന്‍റെ 60 വർഷം

കഴിഞ്ഞ അറുപത് വർഷമായി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിന്‍റെ മുഖ്യധാരയില്‍ പവാർ കുടുംബമുണ്ട്. ശരദ് പവാറിന്‍റെ കുടുംബത്തിന്‍റെ രാഷ്‌ട്രീയ യാത്ര പ്രാദേശിക തലത്തിൽ തുടങ്ങിയത് മാതാപിതാക്കളിൽ നിന്നാണ്. കോളജ് കാലത്തെ വിദ്യാർഥി രാഷ്‌ട്രീയം മുതല്‍ ശരദ് പവാറും സജീവമായി രംഗത്തുണ്ട്.

അന്നത്തെ രാഷ്‌ട്രീയക്കാരുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ വളരെ ചെറുപ്പത്തിൽ തന്നെ മുഖ്യധാരയിൽ വിജയകരമായ അരങ്ങേറ്റം നടത്തിയ രാഷ്‌ട്രീയ നേതാവാണ് ശരദ് പവാര്‍. സംസ്ഥാനത്തെ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും മുഖ്യമന്ത്രിയും എന്ന ബഹുമതി ശരദ് പവാറിനാണ്.

കഴിഞ്ഞ അറുപത് വർഷങ്ങളിലായി സംസ്ഥാന മന്ത്രി, ക്യാബിനറ്റ് മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങളും വിവിധ കേന്ദ്രമന്ത്രി പദങ്ങളും ശരദ് പവാര്‍ അലങ്കരിച്ചിട്ടുണ്ട്. തന്‍റെ ഏക മകൾ സുപ്രിയ സുലെയെ കേന്ദ്ര രാഷ്‌ട്രീയത്തിലേക്കാണ് പവാര്‍ നേരിട്ട് ഇറക്കിയത്. വർഷങ്ങളോളം പാർലമെന്‍റിൽ പ്രവർത്തിച്ച സുപ്രിയ സുലെ മികച്ച പാർലമെന്‍റേറിയനുള്ള അവാർഡ് പലതവണ നേടി.

അവസാനമാകുമോ ശരദ് പവാര്‍ രാഷ്‌ട്രീയത്തിന്?

കഴിഞ്ഞ തവണത്തെ പോലെ, തന്‍റെ ശക്തി കേന്ദ്രമായ പശ്ചിമ മഹാരാഷ്‌ട്രയാണ് ഈ തെരഞ്ഞെടുപ്പിലും പവാർ തെരഞ്ഞെടുത്തത്. എന്നാൽ വോട്ടർമാർ അദ്ദേഹത്തെ പിന്തുണച്ചില്ല. ശരദ് പവാറിന്‍റെ കോട്ടയായ ബാരാമതി നിയമസഭാ സീറ്റില്‍ ശരദ് പവാറിന്‍റെ സ്ഥാനാര്‍ഥി യോഗേന്ദ്ര പവാറിനെ ഒരു ലക്ഷം വോട്ടുകള്‍ക്ക് അജിത് പവാര്‍ പരാജയപ്പെടുത്തി. ബാരാമതി ഉള്‍പ്പെടുന്ന ലോക്‌സഭ സീറ്റില്‍ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ ഒന്നര ലക്ഷം വോട്ടുകള്‍ക്ക് ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ പരാജയപ്പെടുത്തിയിരുന്നു.

ശരദ് പവാറിന്‍റെ വ്യക്തി രാഷ്‌ട്രീയം ഈ തെരഞ്ഞെടുപ്പോടെ അവസാനിച്ചു എന്ന് വിലയിരുത്തുന്നവരുണ്ട്. അതേസമയം, ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നുവരുന്ന ശരദ് പവാറിന്‍റെ ചരിത്രം കണക്കിലെടുക്കുമ്പോൾ, സഞ്ജയ് റാവത്ത് പറഞ്ഞതുപോലെ ഈ പ്രായത്തിലും അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.

ഉദ്ധവ് താക്കറെയുടെ രാഷ്‌ട്രീയ ഭാവി

ശരദ് പവാറിനേയും അജിത് പവാറിനേയും അപേക്ഷിച്ച് ഉദ്ധവ് താക്കറെയുടെ രാഷ്‌ട്രീയ ജീവിതം താരതമ്യേന ചെറുതാണെന്ന് പറയേണ്ടിവരും. മഹാബലേശ്വറിൽ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ ശിവസേനയുടെ നേതൃത്വം ഉദ്ധവ് താക്കറെയ്ക്ക് കൈമാറാൻ ബാലാസാഹേബ് താക്കറെ പദ്ധതിയിട്ടിരുന്നു. അന്ന് രാജ് താക്കറെ അനുകൂലികൾ അസ്വസ്ഥരായി. ഇതിന് ശേഷമാണ് ശിവസേനയിൽ പിളര്‍പ്പുണ്ടാകുന്നത്.

രാജ് താക്കറെ ശിവസേന വിട്ട് മഹാരാഷ്‌ട്ര നവനിർമാൺ സേന പാർട്ടി രൂപീകരിച്ചു. അതിന് ശേഷം ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബിജെപിയെ പിന്തുണച്ചു. രണ്ടര വർഷം ബിജെപിയുമായി ഉദ്ധവ് താക്കറെ സഖ്യത്തിലായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉദ്ധവ് താക്കറെ സഖ്യം ഉപേക്ഷിച്ചു. തുടര്‍ന്ന് എൻസിപിയുമായി സഖ്യമുണ്ടാക്കുകയും കോൺഗ്രസുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയും ചെയ്‌തു.

ഉദ്ധവ് താക്കറെയുടെ രാഷ്‌ട്രീയ ജീവിതം ഈ സമയം മുതലാണ് തളർന്നു തുടങ്ങിയതെന്ന് എന്ന് വിലയിരുത്തലുണ്ട്. ഏക്‌നാഥ് ഷിൻഡെയ്ക്ക് ജനങ്ങൾ നൽകിയ ജനവിധി ഉദ്ധവ് താക്കറെയുടെയും നിലനില്‍പ്പിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Also Read:കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് അടക്കം തോല്‍വി; രാജ്യത്തെ ഉപതെരഞ്ഞെടുപ്പ് ഫലം വിശദമായി

ABOUT THE AUTHOR

...view details