അജ്‌മീർ: രാജസ്ഥാനിലെ അജ്‌മീര്‍ ജില്ലയിലെ ലവേര ഗ്രാമത്തിൽ ഒരു വിവാഹം നടക്കുകയാണ്. വെളുത്ത വസ്‌ത്രവും തലപ്പാവും ധരിച്ച് സര്‍വാലങ്കാര വിഭൂഷിതാനായ വരന്‍ കുതിരപ്പുറത്ത് ബന്ധുക്കളോടൊത്ത് ജാഥയായി വരുന്നു. വിവാഹങ്ങളിലെ പതിവ് കാഴ്‌ചയില്‍ നിന്ന് വിഭിന്നമായി 75 പൊലീസുകാരും എട്ട് കിലോമീറ്റർ വിവാഹ ഘോഷയാത്രയ്ക്ക് അകമ്പടിയായുണ്ട്.
വരന്‍റെ കൂടെ വന്നവരേക്കാള്‍ കൂടുതല്‍ പൊലീസുകാര്‍ ഘോഷയാത്രയിലുണ്ട് എന്നതാണ് വാസ്‌തവം. 2005-ൽ തന്‍റെ സഹോദരിയുടെ വിവാഹവേളയില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങള്‍ ഇത്തവണ ഇല്ലാതാരിക്കാനാണ് വിജയ് ബകോലിയ എന്ന വരന്‍റെ അച്‌ഛന്‍ നാരായണ്‍ റായ്‌ഗര്‍ പൊലീസുകാരുടെ സംരക്ഷണം കൂടെ തേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ജാതിയായിരുന്നു. 2005 ൽ, തന്‍റെ സഹോദരി സുനിതയെ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ വരന്‍ കുതിരപ്പുറത്ത് കയറുന്നതിന് ഉയര്‍ന്ന ജാതിക്കാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നെന്ന് നാരായൺ പറഞ്ഞു. ദളിത് സമൂഹത്തിലുള്ളവര്‍ കുതിരപ്പുറത്ത് കയറുന്നതും ഇത്തരം ആചാരങ്ങള്‍ നടത്തുന്നതിനും ഉന്നത ജാതിക്കാരുടെ വിലക്കുണ്ടായിരുന്നു.
പൊലീസ് അകമ്പടിയില്‍ വിവാഹ ഘോഷയാത്ര (ETV Bharat) ഉയർന്ന ജാതിക്കാരുടെ ഭീഷണിക്ക് ഭയന്ന് ഘോഷയാത്ര തുടങ്ങുന്നതിനു മുമ്പ് കുതിര ഉടമ ഓടി രക്ഷപ്പെട്ടതും നാരായൺ ഓര്‍ത്തു. പിന്നീട് വരന്‍ ഒരു ജീപ്പിലാണ് വിവാഹ വേദിയിലേക്ക് എത്തിയത്. അന്നും പൊലീസ് സംരക്ഷണയിലായിരുന്നു വിവാഹം നടന്നത്. രാജസ്ഥാന്‍റെ ചില ഭാഗങ്ങളിൽ ഇന്നും ജാതി വിവേചനം പോലുള്ള നിയമവിരുദ്ധ അനാചാരങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ അനുഭവത്തില്‍ നിന്നാണ് നാരായൺ റൈഗർ മകന്‍റെ വിവാഹം സമാധാനപരമായി നടക്കാന്‍ ഭരണകൂടത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടത്. ഈ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന സാമൂഹ്യ പ്രവർത്തകരെ സമീപിച്ച് അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനും കുടുംബം ശ്രമിച്ചിരുന്നു. തുടര്‍ന്ന്, ദളിത് സമൂഹത്തിന്‍റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാനവ് വികാസ് അധികാർ കേന്ദ്ര സൻസ്ഥാനിലെ ആക്‌ടിവിസ്‌റ്റ് രമേശ് ചന്ദ്ര ബൻസാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അപേക്ഷ നൽകി.
നാരായണ്‍ റൈഗറിന്‍റെ അഭ്യർത്ഥനയും ബൻസലിന്‍റെ അപ്പീലും കണക്കിലെടുത്ത് അജ്‌മീര്‍ എസ്‌പി വന്ദിത റാണ, എഎസ്‌പി ഡോ. ദീപക് കുമാർ എന്നിവരുൾപ്പെട്ട മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഒരു പ്ലാറ്റൂൺ സേനയും ലവേരയിലേക്ക് പുറപ്പെടുകയായിരുന്നു. നസിറാബാദ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായെത്തി. ഗ്രാമം മുഴുവന്‍ പൊതിഞ്ഞ പൊലീസ് സംരക്ഷണയിലാണ് വിവാഹം നടന്നത്.
പൊലീസ് അകമ്പടിയില്‍ വിവാഹ ഘോഷയാത്ര (ETV Bharat) ഗ്രാമം പൊലീസ് സംരക്ഷണത്തിലായിരുന്നെന്നും ഘോഷയാത്ര സമാധാനപരമായാണ് നടന്നത് എന്നും എഎസ്‌പി കുമാർ പറഞ്ഞു. വ്യത്യസ്‌ത സമുദായങ്ങളിൽ നിന്നുള്ളവര്‍ പോലും ചടങ്ങില്‍ സന്നിഹിതരായിരുന്നു എന്നും എഎസ്‌പി ചൂണ്ടിക്കാട്ടി.
വിവാഹത്തില്‍ യാതൊരു ഭയവും വേണ്ടെന്നും വരനോടും മാതാപിതാക്കളോടും പറഞ്ഞിരുന്നതായും ഡിജെയും പടക്കങ്ങളും കൊണ്ടുവരണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നും ആക്‌ടിവിസ്‌റ്റ് ബൻസാൽ പറഞ്ഞു. എന്നാൽ കുടുംബം അത്ര വലിയ 'സാഹസ'ത്തിന് തയ്യാറായില്ല. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടികജാതി വിഭാഗക്കാർ ഇത്തരത്തില്‍ ഭരണകൂടത്തിന്‍റെ സഹായം തേടേണ്ടി വരുന്നത് ദുഃഖകരമാണെന്നും ബൻസാൽ പറഞ്ഞു.
Also Read:കല്യാണത്തിന് വരൻ എത്തിയത് അലങ്കരിച്ച ക്രെയിനിൽ; ഘോഷയാത്ര കാണാൻ തിക്കിത്തിരക്കി ജനക്കൂട്ടം