അമരാവതി :അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ വ്യത്യസ്‌ത രീതിയിൽ യോഗ അഭ്യസിച്ച് അമരാവതിയിലെ പൊലീസ് സേനാംഗമായ പ്രവീൺ അഖ്രെ. സ്വിമ്മിങ് പൂളിൽ അണ്ടർവാട്ടർ യോഗയാണ് പ്രവീൺ അഖ്രെ അഭ്യസിച്ചത്. 2 മിനിറ്റും 30 സെക്കൻഡും വെള്ളത്തിനടിയിൽ വിവിധ യോഗാസനങ്ങളാണ് അദ്ദേഹം നടത്തിയത്. 'ലോകമെമ്പാടുമുള്ള ആളുകൾ യോഗയ്ക്കായി ഒത്തുകൂടുമ്പോൾ, വ്യത്യസ്‌തമായ രീതിയിൽ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താൻ വെള്ളത്തിനടിയിൽ യോഗ ചെയ്‌തതെന്ന്' പ്രവീൺ അഖ്രെ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രവീൺ അഖ്രയെ അഭിനന്ദിച്ച് പൊലീസ് കമ്മിഷണര്‍ നവീൻ ചന്ദ്ര റെഡ്ഡി രംഗത്തെത്തി. സാധാരണ രീതിയിൽ യോഗ ചെയ്യുന്നതിനേക്കാൾ പ്രയാസകരമാണ് വെള്ളത്തിനടിയിൽ യോഗ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്വാസകോശ ശേഷി ഉൾപ്പെടെയുള്ള കരുത്ത് വർധിപ്പിക്കുന്നതിനായി വെള്ളത്തിനടിയിൽ അദ്ദേഹം നടത്തുന്ന യോഗാസനങ്ങൾ എല്ലാവർക്കും പ്രചോദനമാണ്. മറ്റുള്ളവരെ അത്തരം യോഗാസനങ്ങളിൽ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു.