ന്യൂഡൽഹി:രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്ക്. ഇന്നും നാളെയുമായി (ഡിസംബർ 21, 22) രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടെ കുവൈറ്റ് ഭരണ നേതൃത്വവുമായി ചർച്ച നടത്തും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് രാജ്യം സന്ദർശിക്കുന്നത്. 1981ല്‍ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ് സമൂഹവും ഒരുങ്ങി കഴിഞ്ഞു. അതേസമയം പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സിറിയയിലെ ബാഷർ അൽ അസദിന്‍റെ ഭരണം തകർന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷം, ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ സാധ്യമായതിന്‍റെ സൂചനകൾക്കിടയിലാണ് മോദിയുടെ കുവൈറ്റ് സന്ദർശനം.
'ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തും'
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. ഈ സന്ദർശനം ഇന്ത്യയിലെയും കുവൈറ്റിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
അമീറുമായി കൂടിക്കാഴ്‌ച നടത്തുന്നതിനൊപ്പം കുവൈറ്റ് കിരീടാവകാശിയുമായും പ്രധാനമന്ത്രിയുമായും മോദി ചര്‍ച്ച നടത്തും. അതേസമയം 'ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകിയ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,' എന്ന് മോദി അറിയിച്ചു. ഇന്ത്യന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.