ശ്രീനഗര്‍: പ്രധാനമന്ത്രി നരേ ന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കശ്‌മീരില്‍ സുരക്ഷ കര്‍ശനമാക്കി. ഈമാസം ഇരുപതിനാണ് മോദി കശ്‌മീര്‍ സന്ദര്‍ശിക്കുന്നത്. വ്യാഴാഴ്‌ച വൈകുന്നേരം എത്തുന്ന മോദി പിറ്റേദിവസം ദാല്‍ തടാക തീരത്തുള്ള ഷേര്‍ ഇ കശ്‌മീരിലെ രാജ്യാന്തര യോഗ കേന്ദ്രത്തില്‍ നടക്കുന്ന പതിനെട്ടാമത് രാജ്യാന്തര യോഗ ദിനത്തില്‍ സംബന്ധിക്കും.
ആറായിരത്തോളം പേര്‍ മോദിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും. മൂന്നാം വട്ടം പ്രധാനമന്ത്രിപദത്തില്‍ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സുരക്ഷ സംഘം (എസ്‌പിജി) അഞ്ച് ദിവസം മുമ്പ് തന്നെ ഇവിടെയെത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജമ്മു, കശ്‌മീര്‍ സുരക്ഷ ജീവനക്കാരുടെ സഹകരണത്തോട് കൂടിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വേദി പൂര്‍ണമായും അണുവിമുക്തമാക്കി. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് വേദിയുടെ പൂര്‍ണ നിയന്ത്രണം എസ്‌പിജി ഏറ്റെടുക്കും. മനുഷ്യ നിരീക്ഷണം, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയുള്ള നിരീക്ഷണം, ഡ്രോണ്‍, ഹാക്ക് ഐ നിരീക്ഷണം തുടങ്ങിയവ സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഡിജിപി ആര്‍ ആര്‍ സ്വയിന്‍റെ നേരിട്ടുള്ള മേല്‍നോട്ടമുണ്ട്.
വേദിയിലേക്കുള്ള പാതകളെല്ലാം ഒരു ദിവസം മുമ്പ് തന്നെ സീല്‍ ചെയ്യും. ഇവിടെ യാത്രയ്ക്ക് കടുത്ത നിയന്ത്രണവുമുണ്ടാകും. സുരക്ഷ പരിശോധനകളും മോക്ക് ഡ്രില്ലും ഉണ്ടാകും. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ആശങ്ക ഉയര്‍ത്തുന്ന യാതൊന്നും അനുവദിക്കില്ലെന്നും ഉന്നത ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
Also Read:'ഹലോ ഫ്രം മെലോഡി ടീം'; മോദിക്കൊപ്പം സെൽഫിയെടുത്ത് മെലോണി- വീഡിയോ വൈറല്‍