ന്യൂഡൽഹി :2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി വലിയ സ്വപ്‌നങ്ങളും അതിന്‍റെ സാക്ഷാത്കാരവും സാധ്യമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്‌ച ബിജെപി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോടിക്കണക്കിന് സ്‌ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും സ്വപ്‌നങ്ങളാണ് തന്‍റെയും സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു (PM Narendra Modi at BJP National Convention).
ചെങ്കോട്ടയിൽ നിന്ന് സ്‌ത്രീകളുടെ അന്തസിനെക്കുറിച്ച് സംസാരിക്കുകയും ടോയ്‌ലറ്റുകളുടെ വിഷയം ഉയർത്തുകയും ചെയ്‌ത ആദ്യത്തെ പ്രധാനമന്ത്രി താനാണെന്ന് അവകാശപ്പെട്ട നരേന്ദ്രമോദി സ്‌ത്രീകൾക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കപ്പെടുന്നതില്‍ വേദന പ്രകടിപ്പിക്കുകയും ചെയ്‌തു. യുവാക്കൾ, സ്‌ത്രീകൾ, കർഷകർ, എന്നിവരുടെ ശക്തി ഒരുമിപ്പിച്ചാണ് 'വീക്ഷിത് ഭാരത്' കെട്ടിപ്പടുക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
വരും കാലങ്ങളിൽ "നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും" രാജ്യത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്‌ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി 'മിഷൻ ശക്തി' ഒരു സമ്പൂർണ ആവാസവ്യവസ്ഥ തന്നെ സൃഷ്‌ടിക്കും. 15,000 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 'ഡ്രോൺ ദീദി' കൃഷിയിൽ ശാസ്‌ത്രീയ സ്വഭാവവും ആധുനികതയും കൊണ്ടുവരുമെന്ന് പറഞ്ഞ മോദി രാജ്യത്തെ മൂന്ന് കോടി സ്‌ത്രീകളെ 'ലക്ഷാധിപതി ദീദി'കളാക്കുമെന്നും അവകാശപ്പെട്ടു.
'ജനങ്ങളുടെ അഞ്ച് നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് ബിജെപിയാണ്. 500 വർഷത്തിന് ശേഷം ഗുജറാത്തിലെ പാവഗഡിൽ മതപതാക ഉയർത്തപ്പെട്ടു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഞങ്ങൾ കർതാർപൂർ സാഹിബ് ഹൈവേ തുറന്നു. ഏഴ് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ ആർട്ടിക്കിൾ 370 ൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു'- പ്രധാനമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.