ഡൽഹി:മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂൺ 8നെന്ന് റിപ്പോർട്ട്.ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 293 സീറ്റുകളിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നാലെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ബിജെപി തുടക്കമിട്ടത്.
മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ക്യാബിനറ്റിൻ്റെയും മന്ത്രിസഭയുടെയും അവസാന യോഗമായിരുന്നു ഇന്നത്തേത്. നിലവിലെ ലോക്‌സഭ പിരിച്ചുവിടാനും മന്ത്രിസഭ ശുപാർശ ചെയ്‌തു. നിലവിലെ പതിനേഴാം ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. 543 അംഗ സഭയിൽ ബിജെപിക്ക് 240 സീറ്റുകളും എൻഡിഎയ്‌ക്ക് വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചപ്പോൾ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 99 സീറ്റുകൾ നേടി.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെയും പ്രകടനത്തിൻ്റെ പിൻബലത്തിൽ പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് 232 സീറ്റുകളാണ് ആകെ നേടിയത്. അതേസമയം ഇന്ത്യ മുന്നണിയും എൻഡിഎയും ഇന്ന് ഡൽഹിയിൽ ഒത്തുകൂടാൻ ഒരുങ്ങുകയാണ്.
ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസും ഇന്ത്യ ബ്ലോക്കും ഇന്ന് അതത് ഘടകകക്ഷികളുമായി കൂടിക്കാഴ്‌ച നടത്തും. ഇരു സഖ്യങ്ങളുടേയും ഘടകകക്ഷികളുടെ പ്രധാന നേതാക്കൾ ദേശീയ തലസ്ഥാനത്തേക്ക് പറന്നുകഴിഞ്ഞു. ചൊവ്വാഴ്‌ച 542 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെണ്ണൽ നടന്നത്. ബിജെപിയുടെ സൂറത്ത് സ്ഥാനാർഥി, 543-ാം അംഗമായ മുകേഷ് ദലാൽ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്‌ച രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തുകയും മന്ത്രി സഭയ്‌ക്കൊപ്പം രാജി സമർപ്പിക്കുകയും ചെയ്‌തു. രാജി സ്വീകരിച്ചതായും പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ തുടരാൻ നരേന്ദ്ര മോദിയോടും മന്ത്രി സഭയോടും അഭ്യർഥിച്ചതായും രാഷ്‌ട്രപതി ഭവനില്‍ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നു.