ന്യൂഡല്‍ഹി : ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, പുരോഗതി, അഭിവൃദ്ധി തുടങ്ങിയ മേഖലകളില്‍ ക്വാഡ് സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെലാവെയറിലെ വില്‍മിങ്ടണ്‍ വാര്‍ഷിക ക്വാഡ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്ര പൊതുസഭയില്‍ 'ഭാവിയുടെ ഉച്ചകോടി'യെയും അദ്ദേഹം അഭിസംബോധന ചെയ്യും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത അമേരിക്കന്‍ കമ്പനി മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്വന്തം നഗരമായ വില്‍മിങ്ടണിലാണ് ഉച്ചകോടി.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, പുരോഗതി, അഭിവൃദ്ധി എന്നിവ ലക്ഷ്യമിട്ട് സമാന മനസ്‌കരായ ലോകനേതാക്കളുമായി ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള സംഘമാണ് ക്വാഡെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും മോദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലൂന്നിയാകും ചര്‍ച്ചകള്‍.