മുൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ 100-ാം ജന്മവാർഷികത്തിൽ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാജ്‌പേയി രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് മോദി വിശദമായൊരു ലേഖനവും എഴുതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയെ പരിവർത്തനപ്പെടുത്തിയ ശില്‍പിയാണ് അദ്ദേഹം എന്ന് മോദി പറഞ്ഞു. വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിച്ചു.
ഇന്ത്യയുടെ പുരോഗതിക്ക് വഴികാട്ടിയ ശക്തിയാണ് വാജ്‌പേയി എന്ന് മോദി വിശേഷിപ്പിച്ചു. ശക്തവും സമൃദ്ധവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ കാഴ്‌പ്പാടും ദൗത്യവും ദൃഢനിശ്ചയത്തിന് കരുത്ത് നൽകുന്നത് തുടരും.
1998 ൽ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നമ്മുടെ രാജ്യം രാഷ്ട്രീയ അസ്ഥിരതയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. കഠിന പരിശ്രമിത്തിലൂടെയാണ് വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ വികസിപ്പിച്ചെടുത്തത്.
രാജ്യം ഒന്നിലധികം തെരഞ്ഞെടുപ്പുകളും അനിശ്ചിതത്വവും നേരിട്ട സമയത്ത് സ്ഥിരതയ്ക്കും കാര്യക്ഷമതയ്ക്കും തുടക്കമിട്ട വാജ്‌പേയിയുടെ ദീർഘവീക്ഷണവും ഭരണവും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. വാജ്‌പേയിയുടെ ഭരണകാലം ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിനും സാങ്കേതിക പുരോഗതിക്കും വഴിത്തിരിവായി. സുവർണ ചതുർഭുജ പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ഡൽഹി മെട്രോ തുടങ്ങി അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ചുവെന്നും മോദിയുടെ ലേഖനത്തില്‍ കുറിച്ചു.