ജൽഗാവ് : രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയും ജീവപര്യന്തം തടവും വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹത്തിന്‍റെ പേരിൽ പെൺകുട്ടികളെ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ലഖ്‌പതി ദീദി സമ്മേളന പരിപാടിയില്‍ ജൽഗാവില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നേരത്തെ ഇതിന് വ്യക്തമായ നിയമമില്ലായിരുന്നു. ഇപ്പോൾ വിവാഹ വാഗ്‌ദാനങ്ങള്‍ നല്‍കിയുള്ള വഞ്ചന ഭാരതീയ ന്യായ സംഹിതയില്‍ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ എല്ലാവിധത്തിലും ഒപ്പമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിലെ സ്‌ത്രീശക്തി എല്ലായ്‌പ്പോഴും സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവനയാണ് നൽകിയത്. ഇന്ന് രാജ്യം വികസനത്തിനായി കഠിനമായി പരിശ്രമിക്കുമ്പോൾ, സ്‌ത്രീ ശക്തി വീണ്ടും മുന്നോട്ട് വരികയാണെന്നും പരിപാടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വികസനത്തിന്‍റെ പാതയിൽ മുന്നേറുമ്പോള്‍ അതിൽ മഹാരാഷ്‌ട്രയ്ക്ക് വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നേപ്പാളിലുണ്ടായ ബസപകടത്തില്‍ 27 ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടം നടന്നയുടൻ കേന്ദ്ര സർക്കാർ നേപ്പാൾ സർക്കാരുമായി ബന്ധപ്പെട്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Also Read :നേപ്പാളിലെ ബസപകടം; മരിച്ച 25 ഇന്ത്യൻ തീർഥാടകരുടെ മൃതദേഹം വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു