കന്യാകുമാരി (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്‌മാരകത്തിനുള്ളിൽ ധ്യാനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ (മെയ് 31) ആണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ മണ്ഡലമായ വാരണാസിയില്‍ ഇന്ന് പോളിങ് നടക്കുകയാണ്.
45 മണിക്കൂർ നീണ്ട ധ്യാനത്തിലാണ് അദ്ദേഹം. ജൂൺ ഒന്നിന് വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സമാപിക്കും. ധ്യാനിക്കുന്ന അദ്ദേഹത്തിന്‍റെ ആദ്യ ചിത്രങ്ങൾ വെള്ളിയാഴ്‌ച പുറത്തുവന്നിരുന്നു. കാവി വസ്‌ത്രവും നെറ്റിയിൽ ഭസ്‌മവും ധരിച്ചാണ് പ്രധാനമന്ത്രിയുടെ ധ്യാനം.
ഹിന്ദു തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന് ഭാരത് മാതാവിനെ കുറിച്ച് ദിവ്യ ദർശനം ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ആരംഭിച്ചത്. വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രി വിവേകാനന്ദ പാറ സ്‌മാരകത്തിൽ എത്തിയത്. രണ്ടാം ദിവസം ധ്യാനം തുടരുന്നതിന് മുമ്പ് കടൽത്തീരത്ത് സൂര്യോദയം കാണാൻ മോദി പുലർച്ചെ എത്തിയിരുന്നു.
ധ്യാനം പൂർത്തിയാക്കിയ ശേഷം ജൂൺ ഒന്നിന് അദ്ദേഹം 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുമെന്ന് ഭാരതീയ ജനത പാർട്ടി (ബിജെപി) അറിയിച്ചു. കന്യാകുമാരി തീരത്തും പുറത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമാപനത്തിന് ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. ഭഗവതി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം പ്രാർഥന നടത്തുകയും ചെയ്‌തിരുന്നു.