ന്യൂഡല്‍ഹി: മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ വാഹന നിര്‍മ്മാണ മേഖല മാറേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ വാര്‍ഷിക കണ്‍വന്‍ഷനില്‍ എഴുതി നല്‍കിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതോടെ
വാഹന നിര്‍മ്മാണ മേഖല കൂടുതല്‍ സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുകയാണ്. വികസിത് ഭാരത് ലക്ഷ്യമിട്ട് മേഖല സുസ്ഥിരയാത്ര എന്ന ആശയം പ്രാവര്‍ത്തികമാക്കണം. എങ്കിലേ 2047ലെ വികസിത ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാനാകൂ.
നമുക്ക് മുന്നിലുള്ള പാത പുരോഗതി ആവശ്യപ്പെടുന്നു. പക്ഷേ അത് സുസ്ഥിരമാകണം. ഹരിതാഭവും പരിശുദ്ധവുമായ യാത്ര ഈ രംഗത്ത് ഒരു നിര്‍ണായക ചുവട് വയ്‌പാകും.
പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌ക്കരിയും സര്‍ക്കാര്‍ സുസ്ഥിര ഗതാഗതത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. അഞ്ച് ലക്ഷം കോടി ഡോളറിന്‍റെ സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റി ആഗോളതലത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെടുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നത്തില്‍ വാഹന നിര്‍മ്മാണ മേഖലയ്ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും വലിയ വഹാന നിര്‍മ്മാണ വ്യവസായ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2070 എഴുപതോടെ രാജ്യത്തെ കാര്‍ബണ്‍ രഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ വാഹന നിര്‍മാണ രംഗത്ത് നൂതന-സുസ്ഥിര മാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കേണ്ടതും നിര്‍ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ വളര്‍ച്ച സുസ്ഥിരതയിലൂന്നിയായിരിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ഘന-ഉരുക്കുവ്യവസായ മന്ത്രി എച്ച് ഡി കുമാര സ്വാമി പറഞ്ഞു. ഗ്ലാസ്‌ഗോയിലും മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിലും പ്രധാനമന്ത്രി സുസ്ഥിരതയെക്കുറിച്ച് ദൃഢ പ്രതിജ്ഞ കൈക്കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങള്‍ തീവ്രമായി വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാറ്റത്തിന് അനുസരിച്ചുള്ള നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വ്യവസായത്തിന് അനുകൂലമായ പരിസ്ഥിതി സൃഷ്‌ടിക്കുന്നതിനൊപ്പം ഇത് സുസ്ഥിരമായ ഒരു വികസനമാക്കാനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു.