ന്യൂഡൽഹി: ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ല, മറിച്ച് സേവനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനെട്ടാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ പാർലമെന്‍റ് സമുച്ചയത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ തന്‍റെ സർക്കാരിന് അധികാരം നൽകിയത് തങ്ങളുടെ നയങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കുമുള്ള അംഗീകാരത്തിന്‍റെ മുദ്രയാണെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്ത് നിന്ന് ജനങ്ങൾ നല്ല നീക്കങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ ഇതുവരെയുള്ള അവരുടെ പ്രകടനം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ് ആവശ്യം. ജനങ്ങൾക്ക് വേണ്ടത് സേവനമാണ് മുദ്രാവാക്യങ്ങളല്ല. പാർലമെന്‍റിലെ കലഹമല്ല. ചർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ജൂൺ 25ന് ആണെന്നും മോദി സൂചിപ്പിച്ചു.
തിരിച്ചടിച്ച് കോൺഗ്രസ് അധ്യക്ഷൻ :അടിയന്തരാവസ്ഥയുടെ വിഷയം നിരന്തരം ഉന്നയിച്ച് എത്രകാലം ഭരിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ഉദ്ദേശമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. 'പ്രധാനമന്ത്രി മോദി ഇന്ന് പതിവിലും ദൈർഘ്യമേറിയ പ്രസംഗമാണ് നടത്തിയത്. ധാർമ്മികവും രാഷ്‌ട്രീയവുമായ തോൽവിക്ക് ശേഷവും അഹങ്കാരമാണ് അവശേഷിക്കുന്നത്! സുപ്രധാനമായ പല വിഷയങ്ങളിലും മോദി ജി എന്തെങ്കിലും പറയുമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നു'- ഖാർഗെ എക്‌സില്‍ കുറിച്ചു.
നീറ്റിലെയും മറ്റ് റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിലെയും പേപ്പർ ചോർച്ചയില്‍ യുവാക്കളോട് പ്രധാനമന്ത്രി മോദി കുറച്ച് സഹതാപം കാണിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ സർക്കാരിന്‍റെ വൻ അഴിമതിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു. 'പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ട്രെയിൻ അപകടത്തിലും റെയിൽവേയുടെ കെടുകാര്യസ്ഥതയിലും മോദി മൗനം പാലിച്ചു. മണിപ്പൂർ കഴിഞ്ഞ 13 മാസമായി അക്രമത്തിന്‍റെ പിടിയിലാണ്. എന്നാൽ മോദി സംസ്ഥാനം സന്ദർശിക്കാൻ മെനക്കെടുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്‌തിട്ടില്ല.