കോഴിക്കോട് : നൂറ് രൂപക്ക് മൂന്നുപേർക്ക് കഴിക്കാനുള്ള കുഴിമന്തി നൽകാത്തതിനെ തുടർന്ന് ഹോട്ടൽ കല്ലെറിഞ്ഞ് തകർത്ത് യുവാക്കള്‍. ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും കല്ലേറിൽ പരിക്കേറ്റു. കുന്ദമംഗലത്ത് സ്‌പൂണ്‍ മി എന്ന ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്.
എളേറ്റിൽ വട്ടോളി സ്വദേശി നൗഷിദ, മകൾ എസ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നൂറ് രൂപക്ക് മൂന്നുപേർക്ക് കഴിക്കാനുള്ള കുഴിമന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ ഹോട്ടലിലെത്തി. എന്നാൽ 100 രൂപക്ക് മൂന്നുപേർക്ക് കഴിക്കാനുള്ള കുഴിമന്തി നൽകാൻ കഴിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ അറിയിച്ചു. ഇതോടെ ജീവനക്കാരുമായി ആദ്യം വാക്കേറ്റം ഉണ്ടായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് ഹോട്ടലിൽ നിന്നും ഇവർ പുറത്തു പോവുകയും ഹോട്ടലിൻ്റെ സൈഡിൽ എത്തി ഹോട്ടലിന് നേരെ കല്ലെറിയുകയുമായിരുന്നു. ആക്രമണം നടക്കുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന അമ്മക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

ഹോട്ടൽ ഉടമ വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ ആക്രമികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉടൻതന്നെ അക്രമികളെ പിടികൂടാൻ സാധിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.
