നന്ദുർബാർ : മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ശരദ് പവാറിനെയും ഉദ്ധവ് താക്കറെയെയും പരിഹസിച്ച് നരേന്ദ്ര മോദി. ജൂൺ 4-ലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസുമായി ലയിക്കാൻ 'ഡ്യൂപ്ലിക്കേറ്റ് എൻസിപിയും ശിവസേനയും' തീരുമാനിച്ചിട്ടുണ്ടെന്നും പകരം അജിത് പവാറിനും ഏക്‌നാഥ് ഷിൻഡെയ്ക്കും ഒപ്പം ചേരുന്നതാണ് നല്ലതെന്നും മോദി പറഞ്ഞു.
40-50 വർഷമായി ഇവിടെ സജീവമായ ഒരു വലിയ നേതാവ് ബാരാമതിയിൽ (ലോക്‌സഭ സീറ്റ്) വോട്ടെടുപ്പ് കഴിഞ്ഞതില്‍ പിന്നെ ആശങ്കയിലാണ്. ജൂൺ നാലിന് ശേഷം ചെറുപാർട്ടികൾ നിലനിൽപ്പിന് വേണ്ടി കോൺഗ്രസിൽ ലയിക്കുമെന്നും ശരദ് പവാറിന്‍റെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.
'നക്ലി എൻസിപി'യും 'നക്ലി ശിവസേന'യും കോൺഗ്രസുമായി ലയിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും നന്ദുർബാർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ലയിച്ച് മരണം വരിക്കുന്നതിന് പകരം അജിത് പവാറിലേക്കും ഏക്‌നാഥ് ഷിൻഡെയിലേക്കും വരൂ എന്നും മോദി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുത്തിടപഴകുമെന്നും തങ്ങളുടെ പാർട്ടിക്ക് നല്ലതെന്ന് കണ്ടാല്‍ കോൺഗ്രസുമായി ലയിക്കാന്‍ സാധ്യതയുണ്ടെന്നും ശരദ് പവാർ പറഞ്ഞിരുന്നു.