ന്യൂഡല്‍ഹി:ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതുല്‍ സുഭാഷ് എന്ന യുവാവിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. പ്രീതി ഗുപ്‌തയും ജാര്‍ഖണ്ഡും തമ്മിലുള്ള കേസിലെയും അചിന്‍ ഗുപ്‌തയും ഹരിയാനയും തമ്മുള്ള കേസിലെയും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനെയും കുടുംബത്തെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന നിരീക്ഷണങ്ങളാണ് 2024 മെയ് മൂന്നിന് കോടതി നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാര്‍ഹിക പീഡന കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായി പ്രീതി ഗുപ്‌ത കേസില്‍ കോടതി ചൂണ്ടിക്കാട്ടി. ഇത് ദൗര്‍ഭാഗ്യകരമാണ്. ഇത് കൊണ്ട് തടയാന്‍ നിയമം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വിരമിച്ച ജഡ്‌ജിമാരടങ്ങിയ ഒരു വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇതില്‍ അഭിഭാഷകരും വിദഗ്‌ധരായ നിയമജ്ഞരും വേണമെന്നും സമിതിയെ സുപ്രീം കോടതി മുന്‍ ജഡ്‌ജി നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള സ്‌ത്രീധന-ഗാര്‍ഹിക പീഡന നിയമം പുനപ്പരിശോധിക്കണമെന്നും അവയുടെ ദുരുപയോഗം തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. വിവാഹവേളയില്‍ നല്‍കുന്ന വസ്‌തുക്കളുടെയും സമ്മാനങ്ങളുടെയും പണത്തിന്‍റെയും കണക്ക് സൂക്ഷിക്കണമെന്നും ഇത് സംബന്ധിച്ച ഒരു സത്യവാങ്മൂലം വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
വ്യാജ സ്‌ത്രീധന -ഗാര്‍ഹിക പീഡന കേസുകള്‍ ചുമത്തി ഒരു നിരപരാധിയായ വിവാഹിതനുണ്ടായ ദൗര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ കണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു പൊതുതാത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹിതകളെ സ്‌ത്രീധനം ആവശ്യപ്പെട്ട് അപമാനിക്കുന്നത് ഇല്ലാതാക്കാനാണ് സ്‌ത്രീധന നിരോധന നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അനാവശ്യമായി ഉപയോഗിക്കുന്നു.
സ്ത്രീധന നിരോധന നിയമവും ഐപിസിയുടെ 498 എ വകുപ്പും വിവാഹിതരായ സ്ത്രീകളെ സ്ത്രീധന ആവശ്യങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, എന്നാൽ നമ്മുടെ രാജ്യത്ത് ഈ നിയമങ്ങൾ അനാവശ്യവും നിയമവിരുദ്ധവുമായ ആവശ്യങ്ങൾ പരിഹരിക്കാനും മറ്റേതെങ്കിലും സ്വഭാവത്തിലുള്ള തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭർത്താക്കന്മാരുടെ കുടുംബത്തെ അടിച്ചമർത്താനുമുള്ള ആയുധങ്ങളായി മാറുന്നു.
സ്‌ത്രീധനക്കേസുകളിൽ മനുഷ്യനെ തെറ്റായി പ്രതികളാക്കിയ സംഭവങ്ങളും കേസുകളും വളരെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചുവെന്നും നമ്മുടെ നീതിന്യായ വ്യവസ്ഥയെയും ക്രിമിനൽ അന്വേഷണ സംവിധാനത്തെയും ചോദ്യം ചെയ്യുന്നതായും ഹർജിക്കാരൻ പറഞ്ഞു.
അടുത്തിടെ, ബംഗളൂരുവിൽ 34 കാരനായ അതുൽ സുഭാഷ് എന്ന ടെക്കിയുടെ ദാരുണമായ ആത്മഹത്യ, ദാമ്പത്യ തർക്കം, സ്‌ത്രീ ധന നിരോധന നിയമങ്ങളുടെ ദുരുപയോഗം, പുരുഷന്മാരുടെ മാനസികാരോഗ്യം എന്നിവയെക്കുറിച്ച് രാജ്യവ്യാപകമായി ചർച്ചയ്ക്ക് കാരണമായി. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് അതുൽ സുഭാഷ് ഒരു വീഡിയോ റെക്കോർഡ് ചെയ്‌തു. 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, തന്‍റെയും കുടുംബത്തിന്‍റെയും പക്കല്‍ നിന്ന് പണം തട്ടിയെടുക്കാൻ തനിക്കും കുടുംബത്തിനും എതിരെ ഒന്നിലധികം കേസുകൾ ചുമത്തിയെന്നും ഭാര്യയും കുടുംബവും ആരോപിക്കുന്നു. അതുൽ സുഭാഷ് തന്‍റെ 24 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ന്യായാധിപനെ വിമർശിക്കുകയും ചെയ്‌തു.
ഇത് ഒരു അതുൽ സുഭാഷിന്‍റെ മാത്രം കാര്യമല്ലെന്നും ഭാര്യമാരുടെ നിരവധി കേസുകളിൽ ആത്മഹത്യ ചെയ്‌ത ലക്ഷക്കണക്കിന് പുരുഷന്മാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ത്രീധന നിയമങ്ങളുടെ കടുത്ത ദുരുപയോഗം, അവ നടപ്പാക്കിയ ഈ നിയമങ്ങളുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
"ഈ കേസുകൾ ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും ജീവിതത്തെയും കരിയറിനേയും മാത്രമല്ല, അവരുടെ കുട്ടികളിൽ നെഗറ്റീവ് രൂപത്തിൽ വളരെ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഇത് അവരുടെ മാനസികാരോഗ്യ സ്വഭാവത്തെ ബാധിക്കുന്നു, ഇത് അവരുടെ ശരിയായ വളർച്ചയെ നശിപ്പിക്കും," അദ്ദേഹം പറഞ്ഞു.
"വിവിധ അവസരങ്ങളിൽ ഇത്തരം വ്യാജ സ്‌ത്രീധന കേസുകൾക്കെതിരെ ഇന്ത്യൻ സുപ്രീം കോടതി ജാഗ്രതാ കുറിപ്പ് പുറപ്പെടുവിക്കുകയും ഈ വിഷയം പരിശോധിക്കാൻ സർക്കാരിനോടും നിയമനിർമ്മാണ സഭയോടും ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്, എന്നാൽ തെറ്റായ സ്‌ത്രീധന കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ ഫലപ്രദമായി ഒന്നും ചെയ്‌തില്ല. ” ഹർജിയിൽ പറയുന്നു.
"സമാനമായ വീക്ഷണം ഈയടുത്ത് 3-5-2024-ന് അചിൻ ഗുപ്‌ത വേഴ്‌സ് സ്റ്റേറ്റ് ഓഫ് ഹരിയാന ക്രിമിനൽ അപ്പീൽ നമ്പർ 2379/2024 എന്ന കേസിൽ ഇന്ത്യൻ സുപ്രീം കോടതി എടുത്തിരുന്നു. 3-5-2024 ലെ വിധി നിരീക്ഷിച്ച് നിയമസഭയോട് ചോദിച്ചു. പുതിയ ബിഎൻഎസ് സെക്ഷൻ 85, 86 എന്നിവ നടപ്പാക്കുന്നതിന് മുമ്പ് സർക്കാർ പുനപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
നിലവിലുള്ള സ്‌ത്രീധന നിയമങ്ങളും ഗാർഹിക പീഡന നിയമവും പുനപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ട സമയമായെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിലൂടെ അതിന്‍റെ ദുരുപയോഗം തടയാനും നിരപരാധികളെ രക്ഷിക്കാനും സ്‌ത്രീധന നിയമങ്ങളുടെ യഥാർഥ ലക്ഷ്യം പരാജയപ്പെടാതിരിക്കാനും കഴിയും.
Also Read:ബംഗാള്‍ അധ്യാപക നിയമന കേസ്; മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി